Monday, July 30, 2012







1
'ജെട്ടി മേനക ജെട്ടി മേനക'
എന്ന കിളിക്കൊഞ്ചലിലെ
അശ്ലീലം നുണഞ്ഞ്
നമ്മള്‍ കയറുന്നു.

തിരക്കില്ലാത്തൊരിടത്തിറങ്ങി
വഴിയില്‍ കണ്ട വിദേശിയോട്
ഇംഗ്ലീഷില്‍ വഴി ചോദിക്കുന്നു.
അടുത്ത് നിന്ന മീന്‍കാരന്‍
ചാടിക്കയറി
നമ്മളോട്
ഇംഗ്ലീഷില്‍ തന്നെ
മറുപടി പറയുന്നു .

ബോട്ടിന്റെ
ജനലിലൂടെ തലയിട്ട്
കായലിന്റെ കാന്‍വാസില്‍
നമ്മളെത്ര സെല്‍ഫ് പോര്‍ട്രേറ്റുകള്‍
വരഞ്ഞു?

തലേ രാത്രിയിലെ ഡിസ്കോയില്‍
ശരീരത്തെ അക്ഷരമാലയാക്കിയവള്‍
മുന്നിലത്തെ വരിയില്‍
ഇരിക്കുന്നത് കണ്ടോ?
അരികെയിരിക്കും ചുരുണ്ട മുടിക്കാരന്റെ
കാന്‍വാസാണോ
അവളെന്ന് ചോദിച്ച്
നീയെന്നെയിങ്ങനെ നുള്ളിപ്പറിക്കല്ലേ.

2
ഇതാണ് പൊന്നെ, ജൂതത്തെരുവ് .
സെന്റ്‌  ആന്റണീസ് പുന്യാളന്   മുന്നില്‍
മെഴുക് തിരി വില്‍ക്കുന്നവള്‍
'ഇതു വിറ്റെങ്ങനെ ജീവിക്കും  ?' എന്ന
നിന്റെ ഉരുവിടല്‍ കേട്ട്
ഒരൊറ്റ നോട്ടത്താല്‍
ഒരു കൂട് മെഴുകുതിരി ഉരുക്കിക്കളഞ്ഞ
ജാലവിദ്യയില്ലേ ,
അതിനെക്കാളുമപ്പുറത്തറിയാം
ഇവിടുത്തെ വാണിഭക്കാര്‍ക്ക് .
നിന്നെയുമെന്നെയും
നൂറ്റാണ്ട്കള്‍ പഴക്കമുള്ള
അത്യുഗ്രന്‍  പീസുകളാക്കി  മാറ്റുമിവര്‍
ഞൊടിയിട കൊണ്ട്.
അതിനാല്‍
ആരെയും ഗവ്നിക്കാതെ
കൈകോര്‍ത്തു നീങ്ങാം.

3
മീന്‍ മണക്കുന്ന ,തെറി പൊങ്ങുന്ന
മേല്ക്കൂരകളെ
ഒരു ചില്ലുകൂടിനപ്പുറത്തു നിര്‍ത്തി
നമ്മള്‍
ക്രിസ്പി ചിക്കന്‍ ,ബണ്‍ ,
അര ലിറ്റര്‍ പെപ്സി
എന്നിവയെല്ലാം കഴിച്ചു തീര്‍ക്കുന്നു.

മടങ്ങുമ്പോള്‍  ബസ്സിലിരുന്ന്
നീയോ ഞാനോ പറഞ്ഞത്
'എല്ലാ ഇടവഴികളിലും ജീവിതമുണ്ട്.
എല്ലാ വഴിയരികിലും
ചൊറി പിടിച്ച പട്ടികള്‍ ഉള്ളത് പോലെ'

ഇറങ്ങുമ്പോള്‍
'ജെട്ടി മേനക' എന്നെഴുതിയ
ബസ്സിലെ ബോര്‍ഡ്
അശ്ലീലമേ അല്ലാതായി തീര്‍ന്നിരുന്നുവല്ലോ
നമുക്ക്.

( തോര്‍ച്ച )


No comments: