
മണ്‍വഴി നിറയെ
കശുമാങ്ങ മണമൊഴുക്കി
കുന്നു കയറി പോകുമായിരുന്നു
അവള്.
ഏറെ കാലമായി
അതേ നേരത്തരികിലൂടെ
മൂക്ക് വിടര്‍ത്തി കടന്നു പോകും
ഞാനും.
അത് ഭുതമായിരുന്നെനിക്ക്
അവളുടെ വിയര്‍പ്പിലെ
തീരാത്ത
കശുമാങ്ങ മണമോര്‍ത്ത് .
മാവുകള്‍ നിറഞ്ഞ കുന്നിന് മേലെ
തണുത്ത വിരലുകളാല്‍
ഇടയ്ക്കിടെ മേഘപ്പുടവയ്ഴിച്ച്
വാനത്തെ നഗ്നനാക്കും
കള്ളക്കാറ്റ് .
ആ നാണത്താലാകാശമവളെ
ഉമ്മ വെക്കയാണെന്ന് തോന്നും
കുന്നിനടിയില്‍ നിന്നുള്ള
എന്റെ ഓരോ കാഴ്ചയിലും.
പിന്നെയെന്റെ നോട്ടങ്ങള്‍ ശൂന്യമാക്കി
മാവുകളുടെയൊളിവിലവള്‍
മറഞ്ഞു പോകും.
ഏറെ കഴിയേണ്ട,
താളം പിഴച്ച് കുന്നിറങ്ങി വരും ചിലര്‍.
അന്നേരമവരും പൂശിയിട്ടുണ്ടാകും
ഒരു കടുക് മണിയോളം
അതേ മണം.
രണ്ടു നാളായി
വഴി ,പതിവില്ലാതെ
മണമില്ലാതെ വിയര്‍ക്കാതെ നിന്നു.
നിരതെറ്റാതെ കുന്നുകയറി പോയവരില്‍
ഞാനുമലിഞ്ഞു .
കശു മാവിന് തണലില്‍
മൂക്കുപൊത്തി നിന്നവര്‍ക്കിടയിലൂടെ
ഒരു നോട്ടം ഞാനും.
അന്നാദ്യമായി കശുമാങ്ങ മണമൊട്ടുമില്ലാതെ
അവളും.