Monday, July 30, 2012

ലാപ്ടോപ് കനവ്‌

ഷട്ട് ഡൌണ്‍
ചെയ്തതേയുള്ളൂ .
വെബ്‌ കാം മിഴിയില്‍ നിന്ന്
ഒരു മിന്നാമിന്നി
മഴവില്ല് വരച്ച്
എന്റെ രാത്രിക്കിടക്കയില്‍
പാറി വന്നിരിക്കുന്നു.

പണ്ടെപ്പോഴോ
പിരിഞ്ഞു പോയവളുടെ
കണ്‍തിളക്കമതിന്.

വെറും ഒറ്റ മുറിയെ
ഒരു വീടാക്കുന്ന
വെര്‍ച്വല്‍ റിയാലിറ്റി പോലെ,
അത്
അവളായ് മാറുന്നു .

അവള്‍
എന്റെ കാതില്‍ പറയുന്നത്
കേള്‍ക്കാമിപ്പോള്‍ .
മഴ
ജനലിനോടെന്ന പോലെ.

തലയിണ മേല്‍
മാറിയിരുന്നു നോക്കുന്നുണ്ട്
ഇരുമനസ്സുകള്‍ .
നാണമില്ലാതിണ ചേരും
രണ്ടുടലുകളെ .

2006 - ല്‍
ഇതേ ലാപ്‌ ടോപ്പില്‍ ഡിസൈന്‍ ചെയ്ത്,
ഒന്നിച്ചു കുത്തിയ ടാറ്റൂവിനെ
ഞങ്ങളിടയ്ക്കോര്‍ക്കുന്നു .
പരസ്പരം കണ്ടെടുക്കുന്നു.

അവളുടെ പൊക്കിളിനു മീതെ
ഒരു റോസ്‌ ഫ്ളവര്‍
എന്റെ പൊക്കിളിനു താഴെ
ഒരു ബട്ടര്‍ഫ്ളൈ.

നോവുന്നതെയില്ല.
നഖമുനയാലവള്‍
തൊലിയുരിഞ്ഞ്,
ചോരയൊലിപ്പിചെന്റെ
ബട്ടര്‍ ഫ്ളൈ ടാറ്റൂവിനെ
പറിചെടുക്കുമ്പോള്‍ .

കിടന്ന് കൊണ്ടു തന്നെ
ഞാന്‍ കാണുന്നുണ്ട്
റോസ്‌ ഫ്ളവറിന് മീതെ
അവളതിനെ
അമര്‍ത്തിപ്പതിപ്പിക്കുന്നത്.

ടാറ്റൂസിനിടയിലൂടൊലിച്ചിറങ്ങും
ചോരച്ചുവപ്പ് നോക്കി ,
റോസ്‌ ഫ്ളവര്‍ ടാറ്റൂവില്‍
തൊട്ടു കാട്ടി ,
എന്റെ ബട്ടര്‍ഫ്ളൈയോടായി
അവളലറുന്നു;
' കുടിക്ക്
ആ തേന്‍ കുടിക്ക് ...'

പുലര്‍ന്നപ്പോള്‍
എസ്കേപ് കീയില്‍
ഒരു തുള്ളി രക്തം.
ഡിലിറ്റില്‍ ഒരു റോസാപൂവിതള്‍ .
വെബ്‌ കാം
കണ്ണു മൂടി,
ഒരു നീല ബട്ടര്‍ ഫ്ളൈ ചിറക്. 





ചാഞ്ഞും ചരിഞ്ഞുമിരിക്കും നേരങ്ങള്‍

പത്തേക്കാല്‍

മറ്റൊരു പണിയും
ഇല്ലാത്തതിനാല്‍
നേരെ നേരെ കാണുന്ന വീടിനെ
ഒരു പാഠപുസ്തകമാക്കുന്നു.

ഇടതു വശത്ത് നിന്നും
വായിച്ച് തുടങ്ങുന്ന
ആദ്യത്തെ വരിയില്‍
മരപ്പാളി കൊണ്ട് നിര്‍മ്മിച്ച
തുറന്ന് കിടക്കുന്ന ഒരു ജനലുണ്ട് .
അവിടെ ചില്ല് പാളിയായിരുന്നുവെങ്കില്‍
ആ മുറിയില്‍ ,
അരികിലെ കട്ടിലില്‍ ,
തളര്‍ന്നുകിടക്കുന്നവന്  മുന്നില്‍
45 ഡിഗ്രീയുള്ള  ഒരു നോട്ടം കൊണ്ട്
എനിക്ക് പ്രതിഫലിക്കാമായിരുന്നു.

മഞ്ഞു കാലത്ത് ഒരു വീടുണ്ടായിട്ടും ,
സ്വന്തമായി ഒരു പുതപ്പുണ്ടായിട്ടും ,
തണുത്ത്കിടക്കുന്ന  അവനിപ്പോള്‍
പൂക്കള്‍ കൊതിച്ച മുറ്റത്തിന്
കാട്ടുപുല്ലുകള്‍ നിറയുന്ന പച്ചയും,
കുട്ടികളുമൊത്ത്
പട്ടം പറത്തുമായിരുന്ന നിരത്തിന്
ശൂന്യതയുടെ ചാര നിറവും ,
ചവിട്ടുപടിയിലിരിക്കുന്ന
കെട്ടിയവളുടെ മുഖത്തിന്
ഇരുണ്ട വഴികളുടെ കറുപ്പും ,
ജനല്‍വഴി വരുന്ന വെയിലില്‍
കണ്ണുകള്‍ കൊണ്ട്
ചാലിക്കുന്നുണ്ടാകും.

രണ്ടേ മുക്കാല്‍

വീട് പണിയുമ്പോള്‍
ജനലിനു ചില്ലുപാളികള്‍ വെച്ച്
ലോകത്തെ സുതാര്യമാക്കാതിരുന്നവനെ ..
നീയവിടെ തന്നെ കിടക്ക്‌.
അങ്ങിനെയായിരുന്നുവെങ്കില്‍
ഇവിടെയിരുന്ന്
ആംഗ്യത്തിലൂടെയെങ്കിലും
കാട്ടിത്തന്നേനെ ഞാന്‍
ഇക്കാണുന്നതെല്ലാം .

വീട്ടുമുറ്റം നിറയെ
പൂത്തു നില്‍ക്കുന്ന
റോസാ ചെടികളെ,
അതിനു ചുവട്ടില്‍
നിന്റെ മൂത്രം കൊണ്ട് വന്നൊഴിക്കുന്ന
കെട്ടിയവളെ,
പൂവുകള്‍ക്ക്
നിന്റെ മൂത്രഗന്ധമില്ലെന്ന്
ഉറപ്പിക്കാന്‍ തന്നെയാകും
അവള്‍ ഇടയ്ക്കിടയ്ക്ക്
അവയെല്ലാം മണത്തു നോക്കുന്നത് .

അവള്‍ ചവിട്ടു പടിയിലിരുന്ന്
നിരത്തിലേക്ക് നോക്കി
മൂളിപ്പാട്ടുകള്‍ പാടുന്നു.
ഇവിടെ നിരത്തില്‍
കുട്ടികളാണോ പട്ടങ്ങളാണോ
ചിത്രശലഭങ്ങളെന്നു കുഴയ്ക്കും വിധം
കുട്ടികള്‍ ...
പട്ടങ്ങള്‍ ...
അതിലെപ്പോഴും
ചിരിക്കുന്ന ചിത്രശലഭം
നിന്റെ മകള്‍ .

ആറുമണി

നാളെ
മറ്റൊരുപണിയും  ഇല്ലെങ്കിലും
നേരെ നേരെ കാണുന്ന എന്റെ വീടിനെ
ആരും നോക്കിയിരിക്കരുതെന്ന
വരികൂടി എഴുതി വെച്ച്
ഞാനീ പാഠപുസ്തകം
അടച്ചു വയ്ക്കുന്നു.

( തോര്‍ച്ച )


ജാലവിദ്യയില്‍ ഒരു പച്ച വീട്

നടന്നു പോയാല്‍
ഒരു മണിക്കൂറില്‍
എത്താവുന്ന ദൂരത്തെ
രണ്ട് ചക്രം കൊണ്ട്
ഏറ്റവും അരികിലാക്കുന്നത് പോലെ
അടുക്കളയില്‍ കുടഞ്ഞിട്ട
ഒരു കുട്ട നെല്ല്
അഞ്ച് പറ  നിലത്തിനെ
വീട്ടിലേയ്ക്ക് കൊണ്ട് വരുന്നു

കാലു വെയ്ക്കാനറയ്ക്കുന്ന ചേറില്‍
പാതിയോളം താണുപോയ
ഉപ്പിന്റെയും
മുളകുപൊടിയുടെയും
ടിന്നുകള്‍ക്ക് മേലെ
ഇഴഞ്ഞിഴഞ്ഞട്ടകള്‍.

ടാപ്പില്‍ നിന്നൊഴുകുന്ന
തോടിന്റെ  കരയില്‍
ഇടയ്ക്കിടെ വന്നു വീഴുന്ന
പരലുകളെ ധ്യാനിക്കുന്നു
ഒരൊറ്റക്കാലന്‍.
ആര് പറയും
മിക്സി  ശബ്ദിക്കുന്നത്‌
ഉഗ്രന്‍ താളമുള്ള
നാടന്‍ പാട്ടല്ലെന്ന്‌ ?

ഇണമത്സ്യങ്ങളുമ്മ വെയ്ക്കുന്ന
അക്വേറിയം മാത്രമുള്ള
ബെഡ്റൂമില്‍ വെച്ച്
ഇന്ന് രാത്രി
കാടിനെക്കുറിച്ചുള്ള
ഏറ്റവും മികച്ച പുസ്തകം
തുറന്ന് വെയ്ക്കണം.

ഒരു കപ്പലേറി വന്ന കശുമാങ്ങ
ഞങ്ങളുടെ വേനലവധിയുടെ
രുചിയും മണവും
പിന്നെ മരണവും ആയതുപോലെ,
കാണട്ടെ,
സ്ഥലത്തെയും
ദൂരത്തെയും
സമയത്തെയും അരികിലെത്തിക്കുന്ന
ജാലവിദ്യയുടെ വന്യത.

( മാതൃകാന്വേഷി )



മഞ്ഞയിലകളുള്ള
മരച്ചുവട്ടിലെ ബെഞ്ചില്‍
മുഖത്തോട് മുഖം നോക്കി
മത്തുപിടിച്ചിരിക്കുന്ന
പ്രണയികളെ കാണുന്നുണ്ടല്ലോ ?
അവര്‍ ,
കണ്ണുകള്‍ കൊണ്ടുമ്മവെയ്ക്കുന്നത്
നിങ്ങളെ പോലെ
എനിക്കും കാണാം.
പക്ഷെ ചുണ്ടുകള്‍ ...

അരികിലെ മരച്ചുവട്ടില്‍
എന്റെയീ ഒളിഞ്ഞിരിപ്പ്
ഒരു മണിക്കൂറോളമായി.
യുണിഫോം ഇല്ലന്നെയുള്ളൂ
വെസ്റ്റ് സ്റ്റേഷനിലെ
കോണ്സ്ടബിള്‍ തന്നെയാണ് ഞാന്‍ .

മഞ്ഞയിലകള്‍ തമ്മിലും
പൂവുകള്‍ തമ്മിലും
കൊമ്പിലെ കിളികള്‍ തമ്മിലും
ഉമ്മവെയ്ക്കുന്നത്
കണ്‍നിറയെ  കാണാമീ പാര്‍ക്കില്‍

പക്ഷെ അവരുടെ
ചുണ്ടുകള്‍ ...

എന്നെപോലെ, എന്നാല്‍
മറഞ്ഞിരിക്കാതെ നേര്‍ക്കുനേരെ
അവരെത്തന്നെ നോക്കിയിരിക്കുന്ന
ആ കിഴവന്‍ ,
അവിടെനിന്നെണീറ്റു  പോയാല്‍
അവര്‍
അത് ചെയ്യുമായിരിക്കും.

വര്‍ഷങ്ങള്‍ക്കു മുന്‍പ്
അതേ മരച്ചുവട്ടില്‍
ഒരുവളോടൊപ്പം
ഞാനും ഇരുന്നിട്ടുണ്ട്.
ഇലകളും , പൂക്കളും
കൊമ്പിലെ കിളികളും
ഉമ്മവെയ്ക്കുന്നതാവോളം കണ്ട്,
ചുണ്ടുകളിലെ ചൂടിനെ
കടിച്ചു പിടിച്ച്
കണ്ണുകള്‍കൊണ്ടുമ്മ വെച്ച്...

എന്തെങ്കിലും  തമ്മില്‍
കൂട്ടിയുരച്ചാല്‍ തീയുണ്ടാകുമെന്ന
ആലോചനകളുടെ  തുടക്കം,
ഒരു ചുംബനത്തില്‍ നിന്നാകുമെന്ന്
അന്നവളോട് കളിയായി പറഞ്ഞിട്ടുണ്ട് .

ഇപ്പോള്‍
കെട്ടിയവളെ കെട്ടിപ്പിടിച്ച്
ഏറെ രാത്രികളില്‍ ഉമ്മ വെച്ചിട്ടും
അന്നത്തെയാ
വെയ്ക്കാത്ത ഉമ്മകളുടെ തരിപ്പുണ്ടല്ലോ
ഹോ ,
അത് കിട്ടിയിട്ടേയില്ല.

എത്രമാത്രം
സ്നേഹം തോന്നിയാലും ശരി
രാത്രിയോ,
നാല് ചുമരുകളുടെ മറയോ ഇല്ലാതെ
സ്വന്തം ഭാറ്യയെപ്പോലും
ഞാന്‍ ഉമ്മ വെയ്ക്കാറില്ല .

ഇങ്ങനെയൊക്കെ
മറ്യാദയോടെ ജീവിക്കുമ്പോള്‍
ഈ പകല്‍ വെട്ടത്തില്‍ ,
ഇത്ര മാത്രം തുറസ്സില്‍ ,
അവര്‍ ഉമ്മ വെയ്ക്കുന്നത്
ഒന്ന് കണ്ടിട്ട് തന്നെ കാര്യം .

സര്‍ക്കാര്‍ എനിക്ക്
മാസാമാസം
പുളിങ്കുരുവൊന്നുമല്ലല്ലോ
എണ്ണിത്തരുന്നത് .



രണ്ടേ രണ്ട് പെഗ്ഗ്

1. വോഡ്‌ക്കയെന്നും
  ഐസ് ക്യുബെന്നും വെറുതെ പറയുന്നതാണ്

തണുത്തുറഞ്ഞ
ക്യുബാകൃതിയിലുള്ള
നിന്റെ തലയും,
ഉടലും,
മനസ്സും,
സുതാറ്യമായ  ഗ്ലാസില്‍
അതിനെക്കാള്‍ സുതാറ്യമായി
നിറഞ്ഞിരിക്കുന്ന
എന്നിലേയ്ക്ക്
പെറുക്കിയിടുന്നു.

കണ്ടോ,
ഭൂമിയില്‍ വെച്ചേറ്റം
വീറ്യമേറിയ
വിഷനിര്‍മ്മിതിയുടെ
രസതന്ത്രം.

2. സിംഫണി

സീബ്ര  ക്രോസ്
പിയാനോ എന്ന് പറഞ്ഞ്
വായിച്ച് കൊണ്ടേയിരിക്കുന്നു
ഒരു മുഴുക്കുടിയന്‍ .

നല്ല സംഗീതജ്ഞന്‍ തന്നെ .
അതുകൊണ്ട് തന്നെയാണല്ലോ
വാഹനങ്ങള്‍
നിര്‍ത്താതെ
കയ്യടിക്കുന്നത് .











1
'ജെട്ടി മേനക ജെട്ടി മേനക'
എന്ന കിളിക്കൊഞ്ചലിലെ
അശ്ലീലം നുണഞ്ഞ്
നമ്മള്‍ കയറുന്നു.

തിരക്കില്ലാത്തൊരിടത്തിറങ്ങി
വഴിയില്‍ കണ്ട വിദേശിയോട്
ഇംഗ്ലീഷില്‍ വഴി ചോദിക്കുന്നു.
അടുത്ത് നിന്ന മീന്‍കാരന്‍
ചാടിക്കയറി
നമ്മളോട്
ഇംഗ്ലീഷില്‍ തന്നെ
മറുപടി പറയുന്നു .

ബോട്ടിന്റെ
ജനലിലൂടെ തലയിട്ട്
കായലിന്റെ കാന്‍വാസില്‍
നമ്മളെത്ര സെല്‍ഫ് പോര്‍ട്രേറ്റുകള്‍
വരഞ്ഞു?

തലേ രാത്രിയിലെ ഡിസ്കോയില്‍
ശരീരത്തെ അക്ഷരമാലയാക്കിയവള്‍
മുന്നിലത്തെ വരിയില്‍
ഇരിക്കുന്നത് കണ്ടോ?
അരികെയിരിക്കും ചുരുണ്ട മുടിക്കാരന്റെ
കാന്‍വാസാണോ
അവളെന്ന് ചോദിച്ച്
നീയെന്നെയിങ്ങനെ നുള്ളിപ്പറിക്കല്ലേ.

2
ഇതാണ് പൊന്നെ, ജൂതത്തെരുവ് .
സെന്റ്‌  ആന്റണീസ് പുന്യാളന്   മുന്നില്‍
മെഴുക് തിരി വില്‍ക്കുന്നവള്‍
'ഇതു വിറ്റെങ്ങനെ ജീവിക്കും  ?' എന്ന
നിന്റെ ഉരുവിടല്‍ കേട്ട്
ഒരൊറ്റ നോട്ടത്താല്‍
ഒരു കൂട് മെഴുകുതിരി ഉരുക്കിക്കളഞ്ഞ
ജാലവിദ്യയില്ലേ ,
അതിനെക്കാളുമപ്പുറത്തറിയാം
ഇവിടുത്തെ വാണിഭക്കാര്‍ക്ക് .
നിന്നെയുമെന്നെയും
നൂറ്റാണ്ട്കള്‍ പഴക്കമുള്ള
അത്യുഗ്രന്‍  പീസുകളാക്കി  മാറ്റുമിവര്‍
ഞൊടിയിട കൊണ്ട്.
അതിനാല്‍
ആരെയും ഗവ്നിക്കാതെ
കൈകോര്‍ത്തു നീങ്ങാം.

3
മീന്‍ മണക്കുന്ന ,തെറി പൊങ്ങുന്ന
മേല്ക്കൂരകളെ
ഒരു ചില്ലുകൂടിനപ്പുറത്തു നിര്‍ത്തി
നമ്മള്‍
ക്രിസ്പി ചിക്കന്‍ ,ബണ്‍ ,
അര ലിറ്റര്‍ പെപ്സി
എന്നിവയെല്ലാം കഴിച്ചു തീര്‍ക്കുന്നു.

മടങ്ങുമ്പോള്‍  ബസ്സിലിരുന്ന്
നീയോ ഞാനോ പറഞ്ഞത്
'എല്ലാ ഇടവഴികളിലും ജീവിതമുണ്ട്.
എല്ലാ വഴിയരികിലും
ചൊറി പിടിച്ച പട്ടികള്‍ ഉള്ളത് പോലെ'

ഇറങ്ങുമ്പോള്‍
'ജെട്ടി മേനക' എന്നെഴുതിയ
ബസ്സിലെ ബോര്‍ഡ്
അശ്ലീലമേ അല്ലാതായി തീര്‍ന്നിരുന്നുവല്ലോ
നമുക്ക്.

( തോര്‍ച്ച )


ഇതു പോലൊരു വീട്


പഴയ വീടുകള്‍
പൊളിച്ചടുക്കുന്ന പണിയാണ്

ഒരിക്കലാരെങ്കിലും ഒളിപ്പിച്ചു വെച്ച്
പിന്നീടൊരിക്കലും
ഓര്‍ത്തെടുക്കാന്‍ കഴിയാത്ത  ചിലത്
പണിക്കിടയില്‍
കണ്ടുകിട്ടുക പതിവാണ്.

എന്നാലും ,
ഇതുപോലൊരു വീട്.

അകച്ചുമരിന്റെ  മൂലയില്‍
മെഴുകുചായത്താല്‍ വരഞ്ഞ കുടില്‍.
മേലെ,ഒരു കഷ്ണം മേഘം
നിലത്ത് ,
അരികില്ലാത്ത സ്ലൈറ്റില്‍
മാഞ്ഞു തുടങ്ങും 'അമ്മ'.

അടപ്പില്ലാത്ത ചെപ്പില്‍,
വായിച്ചെടുക്കാനാകാത്ത കുറിപ്പ്.
കഴിച്ചതില്‍ ബാക്കി
നിറമുള്ള ഗുളികകള്‍.

കീറിപ്പറിഞ്ഞ ഒരു പുസ്തകം
വലിച്ചെറിഞ്ഞതായിരുന്നു.
പോകുന്ന പോക്കില്‍
കാട്ടുമണവുമായി പുറത്തു ചാടി
ചിത്രകഥകളില്‍  നിന്ന്  വെട്ടിവെച്ച
മുയല്‍ ,മുതല ,മാനുകള്‍
പെറുക്കിക്കൂട്ടിയ തൂവല്‍ മഴ.

ഒന്നും മറന്നതാകില്ല.
പോകുമ്പോള്‍ ഒപ്പം കൂട്ടാമായിരുന്നില്ലേ
എല്ലാം,ഇങ്ങനെയൊരാളുടെ
കണ്ണില്‍ പെടുത്താതെ .

പണി തീര്‍ത്ത്
കൂട്ടാളികളോടൊത്ത്  തിരിഞ്ഞു നടക്കവേ,
അവിടെ,
കട്ടിളപ്പടിയിരുന്നിടത്ത്
ഓര്‍മ്മകളുടെ ഉടുപ്പണിഞ്ഞ്,
തിരിച്ചറിയാനാകാത്ത ഒരു രൂപം
തന്റെ കുഞ്ഞ് മിഴികളാല്‍
എന്നെ തന്നെ മിഴിച്ചു നോക്കുന്നു.

ഇതു പോലൊരു വീട്.





സീ സോ


ഐറണിയെന്ന്‌
ഒറ്റവാക്കില്‍
പറയാനാകില്ലിതിനെ .

അവളുടെ ആദ്യ രാത്രി.
11 മണി .
മണിയറ.

അതേ രാത്രി.
അതേ സമയം.
തങ്കമണി റോഡ്‌ .

വെളുത്ത വിരിപ്പില്‍
അവളുടെ O+ve.
കറുത്ത റോഡില്‍
എന്റെ B+ve.

അവളുടെതിനെ
ആക്സിഡന്റ്‌
എന്ന് വിളിക്കാനാകുമോ?
എന്റേത്
അത് തന്നെയാണ്.

അവള്‍ക്
തുന്നലുകള്‍ വേണ്ടാത്ത
മുറിവ്.
അതിലൂടെ
ഇനി വസന്തം വരും.
എനിക്കഞ്ചു  തുന്നലിന്റെ
മുറിവ്.
ഇതിലൂടെ
ബില്ലും കടവും വരും.

കൊതുകില്ലാതിരുന്നിട്ടും
വലയിട്ട ബെഡ്ഡില്‍
അവര്‍ ബോംബെ സിനിമയിലെ
പാട്ട് സീനായി
ഹമ്മ... ഹമ്മ..!!
കൊതുകുണ്ടായിരുന്നിട്ടും
വലയില്ലാത്ത
ജനറല്‍ വാര്‍ഡില്‍
എനിക്കരികിലെ കട്ടിലിലൊരുവന്‍
അമ്മേ... അമ്മേ ...!!


അവള്‍ ഇപ്പോഴേ
മുഴുവനായും
ചാര്‍ജ് ആയിട്ടുണ്ടാകും.
എനിക്ക്
നാളെ
ഡിസ് ചാര്‍ജ്  ആകണം.

(യ ര ല വ )






ബസ്‌ വെറും വാഹനമല്ല.







  1.സ്വര്‍ഗം
ഒറ്റക്കാലില്‍
സര്‍ക്കസിന്റ ബാലപാഠങ്ങള്‍ .

തെറികള്‍ ,തോണ്ടലുകള്‍
പഴികള്‍  ‍,പരാതികള്‍ .
ഞങ്ങള്‍ നരക യാത്രികര്‍ .
ജനലരികിലിരിക്കുന്ന
ഒരാള്‍ മാത്രം
തന്റെ മടിയിലെ,മഷിയെഴുതിയ
അടഞ്ഞ മിഴികളിലേക്ക്
ഇടയ്ക്കിടെ പാളി നോക്കുന്നു.
തലയിലിട്ട കുഞ്ഞ് തൂവാലയില്‍
പതിയെ കുനിഞ്ഞു ചുണ്ടമര്‍ത്തുന്നു .
പെട്ടന്ന്
ബസ്
ഒരു കഷ്ണം
സ്വര്‍ഗമാകുന്നു.
2.മഴവില്ല്
ട്രാഫിക്‌ ജാമില്‍
നിശ്ചലമാകവേ
മിന്നല്‍ പോലെ
വലത്തേ ജനലിലൂടെ കടന്ന്‌
ഇടത്തെ ജനലിലൂടെ പുറത്തു പോയി
ഒരു ചിത്ര ശലഭം.
ഞാന്‍ കണ്ടു 'ചുവപ്പ്'
സുഹൃത്ത്‌ പറഞ്ഞു 'നീല'.
ആകെ കറുത്തിരുന്നവരിലെത്രപേര്‍
കണ്ടിട്ടുണ്ടാകും
നിമിഷാര്‍ദ്ധം മാത്രം ദൈര്‍ഘ്യമുള്ള
ഒരു മഴവില്ല്?
3.ജീവന്‍
ഉള്ളിലേക്ക്
അനുസരണയില്ലാതെ
തലയിട്ടു നോകി,
ഇരു പുറവും നിന്നിരുന്ന ചെറു മരങ്ങള്‍
എണ്ണമില്ലാതെ പൊഴിച്ച് തന്നു
ഉണങ്ങിയതും പച്ചയുമായ ഇലകളെ.
ആരുമൊന്നും
അറിഞ്ഞതെയില്ലെന്നു തോന്നീ.
എന്റെ ഹൃദയത്തിന്‍മേല്‍ അള്ളിപ്പിടിച്ച്
'എന്നെ കൂടി കൊണ്ട് പോ' എന്ന്
ആരോ പറയുന്നത് മാത്രം കേട്ടു.
ഷര്‍ട്ടിന്റെ  പോക്കറ്റിനുള്ളിലേക്ക്
പതിയെ ഇടങ്കണ്ണിട്ട് നോക്കി.
അവിടെയതാ ഒളിച്ചിരിക്കുന്നു
ആരും കാണാതൊരു
പച്ച.
 ( കലാ കവ്മുദി )

Sunday, June 26, 2011

വാഗണ്‍ ട്രാജഡി

മുറുക്കി കെട്ടിയ സ്ട്രിങ്ങ്സില്‍
അവളില്ല അവളില്ല
എന്ന രാഗം വായിച്ച്
എന്നെയും കൊണ്ട് പോകുന്നു
ട്രെയിന്‍ പോലെയുള്ള വയലിന്‍ .

അരികെ നില്‍ക്കും
തേക്ക് മരങ്ങള്‍ കാതോര്‍ക്കുന്നു
ഒരിക്കലും
മുഴുവനായും കേള്‍ക്കുവാനാകാത്ത
ഒരു പാട്ടിനെ.

അന്നേരം
ബോഗിയുടെ വാതില്‍ക്കല്‍
കൈകള്‍ വിടര്‍ത്തി നില്‍ക്കുന്നത്
ഞാന്‍ തന്നെയാണ്.

തണുത്ത കാറ്റ് വന്ന്
ഇടയ്ക്കിടെ,
കൈകളിലെ രോമങ്ങളില്‍
മീട്ടുന്നു
കാട്ടു പൊന്തയുടെ ,
കുളങ്ങളുടെ ,
പാടങ്ങളുടെ ,
പശുക്കളുടെ ,
വാക മരത്തിന്റെ,
വീടുകളുടെ,
പുകക്കുഴലുകളുടെ,
പാട്ട് .

ട്രെയിന്‍ പോലുള്ള
വയലിന്‍ വായിക്കുന്ന
അവളില്ല അവളില്ല എന്ന
ആ രാഗം
ഈ പാട്ടില്‍
ചാറ്റല്‍ മഴയോടൊപ്പം
മുങ്ങിയൊലിച്ചു പോകുന്നു.

സ്കൂള്‍ വിട്ട് വരുന്ന കുട്ടി
വരമ്പത്ത് നിന്ന്
വാതിലില്‍ നില്‍ക്കും
രണ്ട് കാലുള്ള ഗിറ്റാറിനെ നോക്കി
കൈവീശുന്നു.

അവന്‍
ഏതു വീട്ടിലെ പാട്ട് ?

ഞാനിപ്പോള്‍
ഏതു സ്റ്റേഷനില്‍
നിലയ്ക്കുന്ന പാട്ട്?

Thursday, July 1, 2010


പ്രണയം

ഇടവഴിയില്‍ വെച്ചാണ്
കടിച്ചത്.
ഇപ്പോള്‍
എല്ലാ വൈകുന്നേരങ്ങളിലും
അവിടെ തന്നെ
കാത്തു നില്പാണ്.
കടിച്ച പാമ്പിനെ
തിരിച്ചു കടിച്ചാല്‍
വിഷമിറങ്ങുമെന്ന
പഴമൊഴിയുമോര്‍ത്ത്

നമ്മള്‍

ജന്മങ്ങള്‍ക്ക് മുന്‍പേ
താഴേക്ക്‌ വീണ
രണ്ട് നക്ഷത്രങ്ങള്‍
എരിഞ്ഞു തീരും മുന്‍പേ
വന്ന് തൊട്ടിടുണ്ടാകണം
നമ്മുടെ
നെഞ്ചില്‍

മുയല്‍ കുഞ്ഞ്

സ്ഫടിക കണ്ണുള്ളവളെ
അത്താഴത്തിന്
ചവച്ചരച്ചു
രുചിയോടെ ഭക്ഷിക്കാന്‍
നിന്നെ തന്നെയാണല്ലോ
അവര്‍ക്ക് കിട്ടിയത്.

വയല്‍

നിന്റെ വീടിന്റെ
ഏതു കോണിലാണ്
ഞങ്ങളുടെ
കാല്പാടുകളുടെ ഫോസില്‍

നെരുദ

ക്ഷമിക്കണം.
ഇവിടെ വസന്തമില്ല.
ചെറി മരങ്ങളും.
ഒരു മാവെങ്കിലും
കിട്ടിയിരുന്നെങ്കില്‍.

Friday, April 23, 2010

മടിയില്‍ കിടന്ന് മൊഴിഞ്ഞു .

മല മുകളിലെ മുന്തിരി തോട്ടത്തില്‍
മഴ ചാറുന്നത് കാണണമെനിക്ക്.
മറിയമേ നിന്റെ
മടിയില്‍ കിടന്ന് ഞാന്‍
മൊഴിഞ്ഞു.

നിന്റെ തുടകളില്‍
ജ് ഞാനപ്പെട്ട്,
നിന്റെ ചെവിയില്‍ ചുണ്ട് ചേര്‍ത്ത്
തിരുവചനങ്ങളുരുവിട്ട്
തീര്‍ന്നു പോയ വര്‍ഷങ്ങള്‍.

ഇനി കാണണം
മുന്തിരി തോട്ടത്തില്‍
മഴ മധുരമെഴുതുന്നത്.

കവിളില്‍ കടിചെന്നോടുരുവിട്ട -
തോര്‍ക്കുന്നുവോ നീ?
തോട്ടത്തില്‍
രാവ്‌ മുഴുവന്‍ കണ്ണിമ ചിമ്മാതെ
കാവലായ് നില്‍ക്കുമവരെക്കുറിച്ച് ,
രാത്രിയില്‍,
താഴ്വരയില്‍ നിന്നെയുപേക്ഷിച്ച്
മല കയറി പോയത്.

ഒരു മുന്തിരിക്കുലയിലൊളിച്ചിരുന്ന
മഴയുടെ ഓര്‍മ്മയെ
ഒന്ന് തൊട്ടതേയുള്ളൂ.
അന്ന് കുരിശേറ്റിയതാണ്
കാവല്‍ക്കാരെന്നെ .
ഇടംവലമോരോ പേരും.
അവരും മഴ കാണാന്‍ വന്നതാണത്രേ,
താഴ്വരയില്‍ ആരെയോ
തനിച്ചു വിട്ടു പോന്നതാണത്രേ

പിന്നെയെല്ലാ വര്‍ഷവും
മഴ കണ്ടു,കൊണ്ടു..
തളിര്‍ത്തു വളര്‍ന്ന
മുന്തിരി വള്ളികള്‍ പൊതിഞ്ഞ കൂട്ടില്‍ നിന്ന്
ഞാന്‍ മൊഴിയുന്നത് കേള്‍ക്കാമോ
മറിയമേ?
നീയിപ്പോള്‍ എവിടെയാണ്?
എന്ത് ചെയ്യുന്നു?

ഇക്കൊല്ലവും
നൂറു മേനിയാണ് വിളവ്‌
അതില്‍ ഒരു മേനി ഞാന്‍.
എന്നെയും വള്ളികളെയും തനിച്ചാക്കി
വിളവെടുത്തു പോയിട്ടുണ്ടവര്‍
വീഞ്ഞിനു മാത്രമായി.

മറിയമേ
കാത്തിരിക്കണം.
ഒരു മെഴുതിരി വെട്ടത്തില്‍
നിന്റെ പാത്രം ചുവന്ന വീഞ്ഞാല്‍
നിറയുന്ന രാത്രിക്കായി.
എന്നില്‍ നീയൊരിക്കലുമറിയാത്ത
മധുരത്തിനും,ലഹരിക്കുമായി.
അന്ന് നീ പാനം ചെയ് വതെന്റെ
രക്തമായിരിക്കില്ല.
നീ രുചിപ്പതെന്റെ
മാംസമായിരിക്കില്ല.

ഞാന്‍ ചെടിയല്ല,
അതിന്റെ പച്ചപ്പ്‌.
ഞാന്‍ മുന്തിരിയല്ല,
അതിന്റെ മധുരം.
ഞാന്‍ ജീവിതമല്ല,
അതിന്റെ സ്നേഹം.

Wednesday, March 17, 2010

വാടകക്കാരി




ചെന്ന് കയറുന്ന
ലോഡ്ജ് മുറികളിലൊക്കെ
എനിക്ക് മുന്‍പേ
താമസിക്കുമവള്‍ .

എനിക്ക് കണ്ടെടുക്കാന്‍
തലയിണയില്‍
മുടി നാരിനാല്‍ എഴുതിയിട്ട് പോകും
അവളുടെ നീണ്ടതോ ചുരണ്ടതോ ആയ
ഇല്ലാത്ത വിലാസം.

വിളക്കണച്ചാല്‍
കട്ടിലൊരു ശീല്കാരത്തോടെന്നെ
ഊഞ്ഞാലാട്ടുന്നതായി തോന്നും.
ചൂട് തരും
അവളുടെ വിയര്‍പ്പിനാല്‍ നെയ്ത
കിടക്കയും കമ്പളവും.

ഇരുളില്‍ കണ്മിഴിച്ചാല്‍ കാണാം.
ഉടല്‍ നിറയെ മുറികളുള്ള
ഒരു ലോഡ്ജായി
മുന്‍പിലവളെ.

എന്നെങ്കിലുമൊരിക്കല്‍
ഏതെങ്കിലുമൊരു ലോഡ്ജ് മുറിയില്‍ വെച്ച്
ഞങ്ങള്‍ കണ്ടുമുട്ടും.
അന്നവളോട് ചോദിക്കണം,
ഇത്രയൊന്നും പോരാതെ
അഴുക്കും മെഴുക്കും ചിത്രം വരച്ച
കുളിമുറി ഭിത്തിയില്‍
ചുവപ്പോ കറുപ്പോ നിറത്തിലുള്ള
തൃക്കണ്‍ വട്ടങ്ങള്‍ തുറന്നെന്നെ
പിന്നെയും,
ചാമ്പലാക്കുന്നതെന്തിനെന്ന്‌ .

Thursday, January 7, 2010

കശുമാങ്ങ മണം


മണ്‍വഴി നിറയെ
കശുമാങ്ങ മണമൊഴുക്കി
കുന്നു കയറി പോകുമായിരുന്നു
അവള്‍.

ഏറെ കാലമായി
അതേ നേരത്തരികിലൂടെ
മൂക്ക് വിടര്‍ത്തി കടന്നു പോകും
ഞാനും.

അത് ഭുതമായിരുന്നെനിക്ക്
അവളുടെ വിയര്‍പ്പിലെ
തീരാത്ത
കശുമാങ്ങ മണമോര്‍ത്ത് .

മാവുകള്‍ നിറഞ്ഞ കുന്നിന്‍ മേലെ
തണുത്ത വിരലുകളാല്‍
ഇടയ്ക്കിടെ മേഘപ്പുടവയ്ഴിച്ച്
വാനത്തെ നഗ്നനാക്കും
കള്ളക്കാറ്റ് .
ആ നാണത്താലാകാശമവളെ
ഉമ്മ വെക്കയാണെന്ന് തോന്നും
കുന്നിനടിയില്‍ നിന്നുള്ള
എന്റെ ഓരോ കാഴ്ചയിലും.

പിന്നെയെന്റെ നോട്ടങ്ങള്‍ ശൂന്യമാക്കി
മാവുകളുടെയൊളിവിലവള്‍
മറഞ്ഞു പോകും.

ഏറെ കഴിയേണ്ട,
താളം പിഴച്ച്‌ കുന്നിറങ്ങി വരും ചിലര്‍.
അന്നേരമവരും പൂശിയിട്ടുണ്ടാകും
ഒരു കടുക് മണിയോളം
അതേ മണം.

രണ്ടു നാളായി
വഴി ,പതിവില്ലാതെ
മണമില്ലാതെ വിയര്‍ക്കാതെ നിന്നു.
നിരതെറ്റാതെ കുന്നുകയറി പോയവരില്‍
ഞാനുമലിഞ്ഞു .

കശു മാവിന്‍ തണലില്‍
മൂക്കുപൊത്തി നിന്നവര്‍ക്കിടയിലൂടെ
ഒരു നോട്ടം ഞാനും.
അന്നാദ്യമായി കശുമാങ്ങ മണമൊട്ടുമില്ലാതെ
അവളും.

Thursday, May 7, 2009

വാ


സത്യമായിട്ടും
അറിയാതെ കൊണ്ടതാണ് മോളെ
എന്റെ കൈ .

വഴിവിളക്ക് പോലുമില്ലാത്ത
കൂരിരുട്ടില്‍ ,
എങ്ങനെ കാണാനാണ്?
പോരാത്തതിന്
ഇരുട്ടിനേക്കാള്‍ കറുത്ത
നിന്റെ നിറവും.

വെള്ളം കണ്ടിട്ട്
നാള് കുറേയായെന്ന് തൊന്നുന്നു...?
എന്ത് നാറ്റമാ നിന്നെ...

ഉസ്കൂളില്‍ പോയി
വല്ലതും രണ്ടക്ഷരം
പഠിക്കേണ്ട പ്രായത്തില്‍,
നീയെവിടെയാ മോളെ പണിക്കു പോണത്?
അതും രാത്രിയാകുന്നത് വരെ...

അയ്യേ...
ഇങ്ങനെ പേടിക്കല്ലേ ....
കൈ കൊണ്ടതിനാണോ?
ഞാന്‍ പറഞ്ഞില്ലേ,
സത്യമായിട്ടും അത് കാണാതെയാണ്ന്ന് ..

പഞ്ചായത്ത് വാട്ടര്‍ ടാങ്കിന് താഴെ
ഷെഡ്‌ കെട്ടി താമസിക്കുന്ന
ആ പെര്‍ക്കികളുടെ മോളല്ലേ നീ..

ഞാന്‍ കണ്ടത് ഏതായാലും നന്നായി
വല്ലാത്ത ഇരുട്ടില്‍
അത്ര ദൂരം മോള്
തനിച്ചു പോണ്ട...

ഈ മാമന്‍ കൊണ്ടുചെന്നാക്കാം
എന്ന നമുക്ക് പോകാം,
കൈ പിടിച്ചോ.
വാ...

Friday, January 30, 2009

GLOOMY SUNDAYആത്മഹത്യയുടെ പാട്ട്... .മലയാളം പരിഭാഷ


"Gloomy Sunday" is a song written by László Jávor and set to music in 1933 by Hungarian pianist and composer Rezső Seress, in which the singer mourns the untimely death of a lover and contemplates suicide.

Though recorded and performed by many singers, "Gloomy Sunday" is closely associated with Billie Holiday, who scored a hit version of the song in 1941. Due to unsubstantiated urban legends about its inspiring hundreds of suicides, "Gloomy Sunday" was dubbed the "Hungarian suicide song" in the U.S. Seress did commit suicide in 1968, but most other rumors of the song being banned from radio, or sparking suicides, are unsubstantiated, and were partly propagated as a deliberate marketing campaign. Possibly due to the context of the Second World War, Billie Holiday's version was, however, banned by the BBC.

ഗ്ലൂമി സണ്‍‌ഡേയ്ക്ക് എന്റെ മലയാളം പരിഭാഷ


ഞായറാഴ്ച ഇരുണ്ടതാണ്

എന്റെ മണിക്കൂറുകള്‍ ഉറക്കമില്ലതതാണ്

എന്നോടൊപ്പം ജീവിക്കുന്ന

പ്രിയപ്പെട്ട നിഴലുകള്‍ എണ്ണമറ്റതാണ്.

വെളുത്ത ലില്ലി പുഷ്പങ്ങള്‍

നിന്നെ ഒരിക്കലും ഉണര്തുകയില്ല.

വിഷാദത്തിന്റെ കറുത്ത വണ്ടികള്‍

നിന്നെ എവിടേക്കും കൊണ്ടുപോയിട്ടില്ല.

നിന്നെ, എന്നന്നേക്കുമായി തിരിച്ചു നല്കാന്‍

മാലാഖമാര് ആലോചിക്കുന്നെയില്ല.

നിന്നോട് ചേരുന്നതിനെ കുറിച്ച്

ഞാന്‍ ചിന്തിച്ചാല്‍

അവര്ക്കു ദേഷ്യം ആകുമോ?

വിഷണണമായ ഞായറാഴ്ച .


ഇരുണ്ടതാണ് ഞായറാഴ്ച .

അവയെല്ലാം ഞാന്‍ നിഴലുകളോടൊതാണ് ചിലവഴിച്ചത്.

ഞാനും എന്റെ ഹൃദയവും ചേര്ന്നു

എല്ലാം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു.

വൈകാതെ,അവിടമെല്ലാം

മെഴുകുതിരികളും പ്രാര്‍ത്ഥനകളും ഉണ്ടാകും.

എല്ലാം ദുക്ഖകരമാണ്,എനിക്കറിയാം .

പക്ഷെ,അവരെ കരയാനനുവധ്ദിക്കരുത്.

പോകാനെനിക്ക് സന്തോഷമേയുള്ളൂ എന്ന്

അവരെ അറിയിക്കണം.

മരണം സ്വപ്നമല്ല.

മരണത്താല്‍ ഞാന്‍ നിന്നെ താലോലിക്കുന്നു.

എന്റെ ആത്മാവിന്റെ അവസാന ശ്വാസത്താല്‍

ഞാന്‍ നിന്നെ അനുഗ്രഹിക്കുന്നു.


മങ്ങിയ ഞായറാഴ്ച .

ഞാന്‍ സ്വപ്നം കാണുകയായിരുന്നു.

സ്വപ്നം കാണുക മാത്രം.

ഞാന്‍ ഉണരുകയും

ഇവിടെ,എന്റെ ഹൃദയത്തിന്‍ അഗാധതയില്‍

നീ ഉറങ്ങുന്നതായും ഞാന്‍ കണ്ടെത്തി.

പ്രിയേ,എന്റെ സ്വപ്‌നങ്ങള്‍

നിന്നെയോരിക്കലും വേട്ടയാടിയിട്ടില്ലെന്നു

ഞാന്‍ പ്രതീക്ഷിക്കട്ടെ.

നിന്നെ എന്ത് മാത്രം

എനിക്ക് ആവശ്യമെന്ന്

എന്റെ ഹൃദയം നിന്നോട് പറഞ്ഞുകൊണ്ടെയിരിക്കുന്നു....

ഇരുണ്ട ഞായറാഴ്ച.







Monday, January 5, 2009

മോചനം


ഉടച്ചു കളയുകയാണ്
ഞാന്‍ എന്റെ
കണ്ണാടിയെ..

നിന്റെ പ്രതിബിംബത്തെ
ഒന്നില്‍ നിന്നു
അനേകമായി
മോചിപ്പിക്കാന്‍ മാത്രം....

(മാധ്യമം ആഴ്ചപ്പതിപ്പ് )

Wednesday, December 17, 2008

ഒറ്റ


തനിയെ വീട് കെട്ടി
തനിയെ പാര്‍ക്കുന്നവന്‍.

ആശുപത്രി കിടക്കയില്‍
പഴങ്ങളുമായി വന്നവനെ
തെറി പറഞ്ഞു ഓടിച്ചവന്‍.

എന്തെങ്കിലും വേണോ എന്ന് ചോദിച്ചാല്‍
'നിന്റെ അപ്പന് കൊടുക്ക്‌ ' എന്ന് പറയുന്നവന്‍.

ഒരു തണലിലും നില്‍ക്കാതെ
വെയിലില്‍ നടക്കുന്നവന്‍

ഒരു നാള്‍
കാല് തെന്നി വീഴാനാഞ്ഞപ്പോള്
എന്റെ കയ്യില്‍ തന്നെ
കയറിപ്പിടിച്ചു.

അപ്പോള്‍ അവന്റെ മൂക്കും
റോഡരുകിലെ ചെളിയും തമ്മില്‍
അരയടി മാത്റം അകലം.
'ഇപ്പോഴെങ്കിലും നീ' എണ്ണ മട്ടില്‍
എന്റെ നോട്ടം .

പക്ഷെ
അവന്‍ എന്റെ
കൈ വിടുകയാണ്..
ഭയങ്കരന്‍ ..!

Friday, December 5, 2008

മണ്ണപ്പം

ഉച്ചക്ക്
പുളി മരത്തിന്‍ കീഴെ
ഒറ്റയ്ക്ക്
ഒരു കുട്ടി.

തനിയെ പിണങ്ങി
തനിയെ ചിരിച്ചു
വേരുകള്‍ക്കിടയില്‍ നിന്നും
ആരും കാണാതെടുത്ത മണ്ണ് കൊണ്ടു
അവന്‍ കമഴ്ത്തി വെച്ചു
ഒരു മണ്ണപ്പം

വളരെ പണ്ടു,
പുളിമരത്തിനും മുന്പ്
ഒരു കുട്ടിയെ
എന്നന്നെക്കുമായവിടെ
ഉറക്കി കിടത്തിയിരുന്നു

പുളിമരത്തിന്റെ വേരുകള്‍ക്കും മുന്പ് ,
അവിടെ ഉറച്ചു നിന്ന ഒരമ്മ
അവനിലേക്ക്‌ ആഴ്നിറങ്ങിയിരുനു.

ഉച്ചക്ക്
പുളി മരത്തിന്‍ കീഴെ
ഒറ്റയ്ക്ക്
ഒരു കുട്ടി.

കാക്കക്കും പൂച്ചക്കും
ഏടട്നും കൊടുക്കാതെ
അവന്‍ കമഴ്ത്തി വെച്ച
മന്ണണപ്പത്തില് ഉണ്ടാകുമോ
തനിയെ പിണങ്ങി
തനിയെ ചിരിച്ചു
ഏറെ മുന്‍പെപ്പോഴോ
ഉറങ്ങിപ്പോയ
ഒരു കുട്ടി...

(പച്ച മലയാളം )

Thursday, November 13, 2008

അദൃശ്യം


ഒന്നുമറിയില്ല നീ
അദൃശ്യമായ കൈകള്‍
നിദ്രയില്‍ കോരിയെടുത്തത് .

നേരമത്രയും നനച്ച
തലയിണ വിട്ടു,
ചുമരുകളും
മേല്‍കൂരയും കടന്നു,
ഇരുളിലെക്കുയരുമ്പോള്
കരഞ്ഞു ഉണങ്ങിയ കണ്ണുകള്‍
ഒന്നു ചിമ്മുക പോലുമില്ല നീ

രാവിന്റെ വിരിപ്പിനു മീതെ
ഭൂമി തൊടാത്ത പട്ടുമെത്തയില്‍
നീയോഴുകി വീഴും.

ഇരുട്ട്
നിമിഷങ്ങള്‍ എണണുബോഴേക്കും
ആതേ കൈകളില്‍ കിടന്നു
സ്വയമറിയാതെ ഞാനുമെതും .
എന്നെ
നിന്നോട് ചേര്ത്തു കിടത്തും
ആതേ കൈകള്‍

മാത്രകള്‍ സ്വച്ചം ,ശാന്തം.

പരസ്പരം ഒട്ടിക്കിടക്കുന്നു
നമ്മളെ പോലെ
എല്ലാ പ്രണയികളും ,
ഭൂമിക്കും,ആകാശത്തിനും ഇടയിലെ
നൂറായിരം പട്ടു മെതതകളില്.

അദൃശ്യമായ,
സുഗന്ധ പൂരിതമായ
ആ കൈകള്‍
ആരുടേതാണ് ?

(എതിര്‍ ദിശ )

Monday, November 10, 2008

മഴയിലലിഞ്ഞവന്‍

മൈതാനത്ത്
കാല്‍പന്തു കളിക്കിടയ്ക്കാണ്
അലറി തെറിച്ചു വന്ന മഴയില്‍
അവന്‍
പഞ്ഞി മിഠായി പോലല്‍ിഞ്ഞത്.

വടക്കേ അതിരിലെ കാനയില്‍
അവന്‍ അലിഞ്ഞു ഒലിചു പോയിട്ടില്ല.

കുളക്കരയിലെ ഏറ്റു മീന്‍ കെണിയില്‍
ശ്വാസം കുരുങ്ങി കിടപ്പില്ല.

കുട്ടികളൊഴുക്കിയ കടലാസ് വഞ്ചിയില്‍
തുഴയെറിഞ്ഞ്
മറുകര പറ്റിയിട്ടില്ല.

മൂനാം രാവില്‍ മിന്നല്‍ തൊട്ടു
കൂണായി ഉയിര്‍ത്തെഴുനെട്ടതും അവനല്ല.

മഴയിലലിഞ്ഞു പോയോരുവനെ തേടി
കൂടുകാരും വീട്ടുകാരും
തിരയാന്‍ ഇനി ഇടം ബാക്കിയില്ല.

അങ്ങകലെ
ഓടു മേഞ്ഞൊരു പുരപ്പുറത്തു
ചരല്‍ കല്ലുപോലവന്‍ പെയ്തിട്ടുണ്ടാകും.
അവനെ കാത്തു
തുറന്നു വെച്ചൊരു ജനല്‍ പാളിക്ക് മുന്നില്‍
അവന്‍ എപ്പോഴെയൊരു
മഴപ്പാട്ടായിട്ടുണ്ടാകും ...

(സാഹിത്യ ലോകം )

Friday, November 7, 2008

മാസ്റ്റര്‍ പീസ്

എന്തൊക്കെ കലര്തിയിട്ടും
ആ നിറം മാത്റം കിട്ടിയില്ല.

ക്യന്വാസിനുള്ളില്
സര് മത പ്രാര്തനാലയങ്ങള്
ഫ്രയ്മിനും രണ്ടു ഇന്ച്ചു മുകളിലായാണ്
അവര് തലയറ്റു കിടക്കുന്നത്.

എല്ലാ അക്രമങ്ങല്കും എതിരെ
ലോക സമക്ഷം,
ഉയര്തിപ്പിടിക്കാവുന്ന ചിത്രത്തില്
ചോരക്കു,
അതെ നിറം തന്നെ വേണ്ടേ?

ചിത്ര ശാലയിലെക് കയറി വന്ന
സുഹൃത്തിന്റെ കഴുത്തില് നിന്നു
നിറം,
ഞാന് വേണ്ടുവോളം എടുത്തതിനെ
ന്യായീകരിക്കാനല്ല ഇത്രയും പറഞ്ഞതു.

കൃത്യതയുള്ള നിറം കൊണ്ടു
ഒരു ചിത്രതിനെത്താവുന്ന പൂര്ണത,
താണ്ടാവുന്ന ഉയരങ്ങള്,
അപാരം തന്നെയെന്ന്
നിങ്ങള് കണ്ടറിഞ്ഞതേല...

ഇപ്പോള് എന്റെ ചിത്റം
ലോക സമാധാനത്തിനായി സമര്പ്പിക്കാവുന്ന
ഒരു മാസ്റ്റര് പീസ് .

(ദേശാഭിമാനി വാരിക)

Wednesday, November 5, 2008

ഓര്‍ക്കുന്നുണ്ടോ?


വന്നു പോയത്...

വരാന്ധയില്‍ നിന്നു
കാണുമായിരുന്നു നീ
എന്നും സമയം തെറ്റാതെ
വീടരുകിലെ പാളതോളം വന്നു
തിരികെ പോകുന്ന
ബോഗികള് നിറയെ പ്രതീക്ഷയുള്ള
ഒരു 'തീ-വണ്ടിയെ

' കാത്തുനിന്നത്...

മഴ തോര്‍ന്നിരുന്നു
മരച്ചുവട്ടില്‍ കാത്തു നില്‍കെ
നിന്റെ വരെവെഴുതി പോയി
കാറ്റ്‌
കണ്ണുകള്‍ പെയ്യും നേരം
അറിഞ്ഞതേയില്ല
മരം പെയ്തത്


മിണ്ടാതിരുന്നത്..

ഒരു കത്തില്‍
ഓര്‍മയായി
നീ മലര്‍ന്നു കിടന്നു
മറുപടിയായി
ഞാന്‍ പടരും മുന്പേ
നിന്റെ കോപ്പയില്‍
ഞാന്‍ കുടിച്ച സ്മൃതികള്‍
ശാസം തരാതെ
കൊന്നു കളഞ്ഞില്ലേ
എന്നെ..

ഇപ്പോള്‍ ഒര്മാകല്‍ക്കെല്ലാം മുകളില്‍
ഒറ്റ ചിറകില്‍ ഞാന്‍ പറക്കുന്നു...
അതില്‍ നിറയെ നിന്റെ
തൂവലുകള്‍...

(എതിര്‍ ദിശ)

Thursday, October 23, 2008

നാണം


വെളുത്ത താടിയുഴിഞ്ഞു
ഞാന്‍ വിശന്നിരുന്നു .

എല്ലാം പാകമായപ്പോള്‍
മുന്‍പില്‍ വിരിച്ച വാഴയില കീറില്‍
അവള്‍ വിളംബ്ബി തന്നു
മണല്‍ കൊണ്ടു ചോറ്
ഇല തുണ്ട് കൊണ്ടു തോരന്‍
തെച്ചി പൂവിതള്‍ കൊണ്ടു അച്ചാര്‍

കഴിച്ചു തീര്ന്നു
സ്നേഹത്തോടെ കണ്ണ് ഉഴിഞ്ഞപ്പോള്‍
ഞൊടിയിട പോലും തരാതെ
എന്റെ കവിളില്‍ അവള്‍ പകര്‍ത്തിയെഴുതി
ചുണ്ടുകളെ..

അന്നേരം വീശിയ കാറ്റില്‍
എന്റെ വെളുത്ത താടിയില്‍ നിന്നും
കളി വീടിന്റെ
വാതില്‍ വിടവിലൂടെ
വിട പറഞ്ഞു
മുകളിലേക്ക് പൊങ്ങി പറന്നു പോയി
തുപ്പല്‍ കൊണ്ടു ഒട്ടിച്ചു വെച്ച
അന്ജാര്
അപ്പൂപ്പന്‍ താടികള്‍ ...

( സമയം മാസിക )

Monday, October 20, 2008

കാക്ക പ്പുള്ളി



ഇപ്പോള്‍
തോടുവാനാകും
കവിതയാല്‍ നിന്നെ
ചുണ്ടിലേക്ക്‌ നീട്ടിയെറിഞ്ഞ
വരികള്‍ കൊണ്ടു.

ഓരോ അക്ഷരവും ഓരോ
കാക്ക പ്പുള്ളികളാണ്
നിന്റെ അഴകാര്‍ന്ന ഇടങ്ങളില്‍ നിന്നു ഞാന്‍
വേട്ടയാടി പിടിച്ചത്


ഈ കാലമത്രയും
സൂക്ക്ഷിച്ചു വച്ചിരിക്കയയിരുന്നു.
വരികളില്‍ ഒതുക്കി
മറ്റൊരാളിലേക്ക്
തുളുമ്പി പോകാതെ

നെഞ്ചോടു ചേര്ത്തു പിടിക്ക്
ഈ കവിതയെ

സ്നേഹ മുദ്രകളായി
അടര്‍ത്തി എടുക്കാന്‍ ആകാത്ത വിധം
നിന്റെ
ഉടലഴകില്‍
പതിപ്പിച്ചു തരികയാണ്
ഓരോ അക്ഷരത്തെയും
കറുകറുത്ത പുള്ളികളായി

കണ്ടോ?
നീ ഇപ്പോള്‍
കാക്കപുള്ളികളാല്‍ എഴുതപ്പെട്ട
ഒരു മനോഹര കവിത

ഇതു
കവിതയോഴിഞ്ഞു
ശൂന്യമായ
വെറും
കടലാസ്...


മുടിയിഴ

ഒതുക്കി
വെച്ചതില്‍ നിന്നു
ഏരെ നാള്‍ കൂടി അണിയാന്‍ എടുതതനു‌
വസ്ത്രതെ ..

കൃത്യം
മൂനമത്തെ കുടുക്കില്‍ കുരുങ്ങി
അത് വളഞ്ഞു നീണ്ടു കിടക്കുന്നു.
മുക്കാലും വെളുത്തു

പതിയെ കുനിഞ്ഞു മണത്തു നോക്കിയുരപ്പിച്ചു
ഒരൊറ്റ മുടിയിഴക്ക് പകരാന്‍ കഴിയുന്ന
മുഴുവന്‍ അമ്മ മണതേയും

മുന്പ്
എല്ലായിടത്തും ഉണ്ടായിരുന്നു ഇതു
ചോറില്‍ ,കറിയില്‍
തറയില്‍ ,തുണിയില്‍
സോപ്പില്‍ ,ചീപില്‍ ..

വിരലില്‍ കോര്‍ത്ത്‌ ,മുഖതോടടുപ്പിച്ചു
മണമറിയാതെ ,അറപ്പോടെ അലറുമായിരുന്നു
' മുടിഞ്ഞ മുടി" എന്ന്
ദീനമായൊരു നോട്ടം വന്നു
അതിന്‍ തുമ്പിലെ കുരുക്കില്‍
തൂങ്ങി മരിക്കുമായിരുന്നു ..

ഇപ്പോള്‍
ഞാന്‍ എന്ത് ചെയ്യും ഇതിനെ ?
അഴുക്കു മാത്റം നിറഞ്ഞിടത്
ഒരു അമ്മ മരം
പൊഴിച്ചിട്ടു പോയ
വിശുധതയുടെ
അവസാനത്തെ ഇലയെ ?

(എതിര്‍ ദിശ)