Thursday, July 1, 2010


പ്രണയം

ഇടവഴിയില്‍ വെച്ചാണ്
കടിച്ചത്.
ഇപ്പോള്‍
എല്ലാ വൈകുന്നേരങ്ങളിലും
അവിടെ തന്നെ
കാത്തു നില്പാണ്.
കടിച്ച പാമ്പിനെ
തിരിച്ചു കടിച്ചാല്‍
വിഷമിറങ്ങുമെന്ന
പഴമൊഴിയുമോര്‍ത്ത്

നമ്മള്‍

ജന്മങ്ങള്‍ക്ക് മുന്‍പേ
താഴേക്ക്‌ വീണ
രണ്ട് നക്ഷത്രങ്ങള്‍
എരിഞ്ഞു തീരും മുന്‍പേ
വന്ന് തൊട്ടിടുണ്ടാകണം
നമ്മുടെ
നെഞ്ചില്‍

മുയല്‍ കുഞ്ഞ്

സ്ഫടിക കണ്ണുള്ളവളെ
അത്താഴത്തിന്
ചവച്ചരച്ചു
രുചിയോടെ ഭക്ഷിക്കാന്‍
നിന്നെ തന്നെയാണല്ലോ
അവര്‍ക്ക് കിട്ടിയത്.

വയല്‍

നിന്റെ വീടിന്റെ
ഏതു കോണിലാണ്
ഞങ്ങളുടെ
കാല്പാടുകളുടെ ഫോസില്‍

നെരുദ

ക്ഷമിക്കണം.
ഇവിടെ വസന്തമില്ല.
ചെറി മരങ്ങളും.
ഒരു മാവെങ്കിലും
കിട്ടിയിരുന്നെങ്കില്‍.

Friday, April 23, 2010

മടിയില്‍ കിടന്ന് മൊഴിഞ്ഞു .

മല മുകളിലെ മുന്തിരി തോട്ടത്തില്‍
മഴ ചാറുന്നത് കാണണമെനിക്ക്.
മറിയമേ നിന്റെ
മടിയില്‍ കിടന്ന് ഞാന്‍
മൊഴിഞ്ഞു.

നിന്റെ തുടകളില്‍
ജ് ഞാനപ്പെട്ട്,
നിന്റെ ചെവിയില്‍ ചുണ്ട് ചേര്‍ത്ത്
തിരുവചനങ്ങളുരുവിട്ട്
തീര്‍ന്നു പോയ വര്‍ഷങ്ങള്‍.

ഇനി കാണണം
മുന്തിരി തോട്ടത്തില്‍
മഴ മധുരമെഴുതുന്നത്.

കവിളില്‍ കടിചെന്നോടുരുവിട്ട -
തോര്‍ക്കുന്നുവോ നീ?
തോട്ടത്തില്‍
രാവ്‌ മുഴുവന്‍ കണ്ണിമ ചിമ്മാതെ
കാവലായ് നില്‍ക്കുമവരെക്കുറിച്ച് ,
രാത്രിയില്‍,
താഴ്വരയില്‍ നിന്നെയുപേക്ഷിച്ച്
മല കയറി പോയത്.

ഒരു മുന്തിരിക്കുലയിലൊളിച്ചിരുന്ന
മഴയുടെ ഓര്‍മ്മയെ
ഒന്ന് തൊട്ടതേയുള്ളൂ.
അന്ന് കുരിശേറ്റിയതാണ്
കാവല്‍ക്കാരെന്നെ .
ഇടംവലമോരോ പേരും.
അവരും മഴ കാണാന്‍ വന്നതാണത്രേ,
താഴ്വരയില്‍ ആരെയോ
തനിച്ചു വിട്ടു പോന്നതാണത്രേ

പിന്നെയെല്ലാ വര്‍ഷവും
മഴ കണ്ടു,കൊണ്ടു..
തളിര്‍ത്തു വളര്‍ന്ന
മുന്തിരി വള്ളികള്‍ പൊതിഞ്ഞ കൂട്ടില്‍ നിന്ന്
ഞാന്‍ മൊഴിയുന്നത് കേള്‍ക്കാമോ
മറിയമേ?
നീയിപ്പോള്‍ എവിടെയാണ്?
എന്ത് ചെയ്യുന്നു?

ഇക്കൊല്ലവും
നൂറു മേനിയാണ് വിളവ്‌
അതില്‍ ഒരു മേനി ഞാന്‍.
എന്നെയും വള്ളികളെയും തനിച്ചാക്കി
വിളവെടുത്തു പോയിട്ടുണ്ടവര്‍
വീഞ്ഞിനു മാത്രമായി.

മറിയമേ
കാത്തിരിക്കണം.
ഒരു മെഴുതിരി വെട്ടത്തില്‍
നിന്റെ പാത്രം ചുവന്ന വീഞ്ഞാല്‍
നിറയുന്ന രാത്രിക്കായി.
എന്നില്‍ നീയൊരിക്കലുമറിയാത്ത
മധുരത്തിനും,ലഹരിക്കുമായി.
അന്ന് നീ പാനം ചെയ് വതെന്റെ
രക്തമായിരിക്കില്ല.
നീ രുചിപ്പതെന്റെ
മാംസമായിരിക്കില്ല.

ഞാന്‍ ചെടിയല്ല,
അതിന്റെ പച്ചപ്പ്‌.
ഞാന്‍ മുന്തിരിയല്ല,
അതിന്റെ മധുരം.
ഞാന്‍ ജീവിതമല്ല,
അതിന്റെ സ്നേഹം.

Wednesday, March 17, 2010

വാടകക്കാരി
ചെന്ന് കയറുന്ന
ലോഡ്ജ് മുറികളിലൊക്കെ
എനിക്ക് മുന്‍പേ
താമസിക്കുമവള്‍ .

എനിക്ക് കണ്ടെടുക്കാന്‍
തലയിണയില്‍
മുടി നാരിനാല്‍ എഴുതിയിട്ട് പോകും
അവളുടെ നീണ്ടതോ ചുരണ്ടതോ ആയ
ഇല്ലാത്ത വിലാസം.

വിളക്കണച്ചാല്‍
കട്ടിലൊരു ശീല്കാരത്തോടെന്നെ
ഊഞ്ഞാലാട്ടുന്നതായി തോന്നും.
ചൂട് തരും
അവളുടെ വിയര്‍പ്പിനാല്‍ നെയ്ത
കിടക്കയും കമ്പളവും.

ഇരുളില്‍ കണ്മിഴിച്ചാല്‍ കാണാം.
ഉടല്‍ നിറയെ മുറികളുള്ള
ഒരു ലോഡ്ജായി
മുന്‍പിലവളെ.

എന്നെങ്കിലുമൊരിക്കല്‍
ഏതെങ്കിലുമൊരു ലോഡ്ജ് മുറിയില്‍ വെച്ച്
ഞങ്ങള്‍ കണ്ടുമുട്ടും.
അന്നവളോട് ചോദിക്കണം,
ഇത്രയൊന്നും പോരാതെ
അഴുക്കും മെഴുക്കും ചിത്രം വരച്ച
കുളിമുറി ഭിത്തിയില്‍
ചുവപ്പോ കറുപ്പോ നിറത്തിലുള്ള
തൃക്കണ്‍ വട്ടങ്ങള്‍ തുറന്നെന്നെ
പിന്നെയും,
ചാമ്പലാക്കുന്നതെന്തിനെന്ന്‌ .

Thursday, January 7, 2010

കശുമാങ്ങ മണം


മണ്‍വഴി നിറയെ
കശുമാങ്ങ മണമൊഴുക്കി
കുന്നു കയറി പോകുമായിരുന്നു
അവള്‍.

ഏറെ കാലമായി
അതേ നേരത്തരികിലൂടെ
മൂക്ക് വിടര്‍ത്തി കടന്നു പോകും
ഞാനും.

അത് ഭുതമായിരുന്നെനിക്ക്
അവളുടെ വിയര്‍പ്പിലെ
തീരാത്ത
കശുമാങ്ങ മണമോര്‍ത്ത് .

മാവുകള്‍ നിറഞ്ഞ കുന്നിന്‍ മേലെ
തണുത്ത വിരലുകളാല്‍
ഇടയ്ക്കിടെ മേഘപ്പുടവയ്ഴിച്ച്
വാനത്തെ നഗ്നനാക്കും
കള്ളക്കാറ്റ് .
ആ നാണത്താലാകാശമവളെ
ഉമ്മ വെക്കയാണെന്ന് തോന്നും
കുന്നിനടിയില്‍ നിന്നുള്ള
എന്റെ ഓരോ കാഴ്ചയിലും.

പിന്നെയെന്റെ നോട്ടങ്ങള്‍ ശൂന്യമാക്കി
മാവുകളുടെയൊളിവിലവള്‍
മറഞ്ഞു പോകും.

ഏറെ കഴിയേണ്ട,
താളം പിഴച്ച്‌ കുന്നിറങ്ങി വരും ചിലര്‍.
അന്നേരമവരും പൂശിയിട്ടുണ്ടാകും
ഒരു കടുക് മണിയോളം
അതേ മണം.

രണ്ടു നാളായി
വഴി ,പതിവില്ലാതെ
മണമില്ലാതെ വിയര്‍ക്കാതെ നിന്നു.
നിരതെറ്റാതെ കുന്നുകയറി പോയവരില്‍
ഞാനുമലിഞ്ഞു .

കശു മാവിന്‍ തണലില്‍
മൂക്കുപൊത്തി നിന്നവര്‍ക്കിടയിലൂടെ
ഒരു നോട്ടം ഞാനും.
അന്നാദ്യമായി കശുമാങ്ങ മണമൊട്ടുമില്ലാതെ
അവളും.