Monday, July 30, 2012

ലാപ്ടോപ് കനവ്‌

ഷട്ട് ഡൌണ്‍
ചെയ്തതേയുള്ളൂ .
വെബ്‌ കാം മിഴിയില്‍ നിന്ന്
ഒരു മിന്നാമിന്നി
മഴവില്ല് വരച്ച്
എന്റെ രാത്രിക്കിടക്കയില്‍
പാറി വന്നിരിക്കുന്നു.

പണ്ടെപ്പോഴോ
പിരിഞ്ഞു പോയവളുടെ
കണ്‍തിളക്കമതിന്.

വെറും ഒറ്റ മുറിയെ
ഒരു വീടാക്കുന്ന
വെര്‍ച്വല്‍ റിയാലിറ്റി പോലെ,
അത്
അവളായ് മാറുന്നു .

അവള്‍
എന്റെ കാതില്‍ പറയുന്നത്
കേള്‍ക്കാമിപ്പോള്‍ .
മഴ
ജനലിനോടെന്ന പോലെ.

തലയിണ മേല്‍
മാറിയിരുന്നു നോക്കുന്നുണ്ട്
ഇരുമനസ്സുകള്‍ .
നാണമില്ലാതിണ ചേരും
രണ്ടുടലുകളെ .

2006 - ല്‍
ഇതേ ലാപ്‌ ടോപ്പില്‍ ഡിസൈന്‍ ചെയ്ത്,
ഒന്നിച്ചു കുത്തിയ ടാറ്റൂവിനെ
ഞങ്ങളിടയ്ക്കോര്‍ക്കുന്നു .
പരസ്പരം കണ്ടെടുക്കുന്നു.

അവളുടെ പൊക്കിളിനു മീതെ
ഒരു റോസ്‌ ഫ്ളവര്‍
എന്റെ പൊക്കിളിനു താഴെ
ഒരു ബട്ടര്‍ഫ്ളൈ.

നോവുന്നതെയില്ല.
നഖമുനയാലവള്‍
തൊലിയുരിഞ്ഞ്,
ചോരയൊലിപ്പിചെന്റെ
ബട്ടര്‍ ഫ്ളൈ ടാറ്റൂവിനെ
പറിചെടുക്കുമ്പോള്‍ .

കിടന്ന് കൊണ്ടു തന്നെ
ഞാന്‍ കാണുന്നുണ്ട്
റോസ്‌ ഫ്ളവറിന് മീതെ
അവളതിനെ
അമര്‍ത്തിപ്പതിപ്പിക്കുന്നത്.

ടാറ്റൂസിനിടയിലൂടൊലിച്ചിറങ്ങും
ചോരച്ചുവപ്പ് നോക്കി ,
റോസ്‌ ഫ്ളവര്‍ ടാറ്റൂവില്‍
തൊട്ടു കാട്ടി ,
എന്റെ ബട്ടര്‍ഫ്ളൈയോടായി
അവളലറുന്നു;
' കുടിക്ക്
ആ തേന്‍ കുടിക്ക് ...'

പുലര്‍ന്നപ്പോള്‍
എസ്കേപ് കീയില്‍
ഒരു തുള്ളി രക്തം.
ഡിലിറ്റില്‍ ഒരു റോസാപൂവിതള്‍ .
വെബ്‌ കാം
കണ്ണു മൂടി,
ഒരു നീല ബട്ടര്‍ ഫ്ളൈ ചിറക്. 





ചാഞ്ഞും ചരിഞ്ഞുമിരിക്കും നേരങ്ങള്‍

പത്തേക്കാല്‍

മറ്റൊരു പണിയും
ഇല്ലാത്തതിനാല്‍
നേരെ നേരെ കാണുന്ന വീടിനെ
ഒരു പാഠപുസ്തകമാക്കുന്നു.

ഇടതു വശത്ത് നിന്നും
വായിച്ച് തുടങ്ങുന്ന
ആദ്യത്തെ വരിയില്‍
മരപ്പാളി കൊണ്ട് നിര്‍മ്മിച്ച
തുറന്ന് കിടക്കുന്ന ഒരു ജനലുണ്ട് .
അവിടെ ചില്ല് പാളിയായിരുന്നുവെങ്കില്‍
ആ മുറിയില്‍ ,
അരികിലെ കട്ടിലില്‍ ,
തളര്‍ന്നുകിടക്കുന്നവന്  മുന്നില്‍
45 ഡിഗ്രീയുള്ള  ഒരു നോട്ടം കൊണ്ട്
എനിക്ക് പ്രതിഫലിക്കാമായിരുന്നു.

മഞ്ഞു കാലത്ത് ഒരു വീടുണ്ടായിട്ടും ,
സ്വന്തമായി ഒരു പുതപ്പുണ്ടായിട്ടും ,
തണുത്ത്കിടക്കുന്ന  അവനിപ്പോള്‍
പൂക്കള്‍ കൊതിച്ച മുറ്റത്തിന്
കാട്ടുപുല്ലുകള്‍ നിറയുന്ന പച്ചയും,
കുട്ടികളുമൊത്ത്
പട്ടം പറത്തുമായിരുന്ന നിരത്തിന്
ശൂന്യതയുടെ ചാര നിറവും ,
ചവിട്ടുപടിയിലിരിക്കുന്ന
കെട്ടിയവളുടെ മുഖത്തിന്
ഇരുണ്ട വഴികളുടെ കറുപ്പും ,
ജനല്‍വഴി വരുന്ന വെയിലില്‍
കണ്ണുകള്‍ കൊണ്ട്
ചാലിക്കുന്നുണ്ടാകും.

രണ്ടേ മുക്കാല്‍

വീട് പണിയുമ്പോള്‍
ജനലിനു ചില്ലുപാളികള്‍ വെച്ച്
ലോകത്തെ സുതാര്യമാക്കാതിരുന്നവനെ ..
നീയവിടെ തന്നെ കിടക്ക്‌.
അങ്ങിനെയായിരുന്നുവെങ്കില്‍
ഇവിടെയിരുന്ന്
ആംഗ്യത്തിലൂടെയെങ്കിലും
കാട്ടിത്തന്നേനെ ഞാന്‍
ഇക്കാണുന്നതെല്ലാം .

വീട്ടുമുറ്റം നിറയെ
പൂത്തു നില്‍ക്കുന്ന
റോസാ ചെടികളെ,
അതിനു ചുവട്ടില്‍
നിന്റെ മൂത്രം കൊണ്ട് വന്നൊഴിക്കുന്ന
കെട്ടിയവളെ,
പൂവുകള്‍ക്ക്
നിന്റെ മൂത്രഗന്ധമില്ലെന്ന്
ഉറപ്പിക്കാന്‍ തന്നെയാകും
അവള്‍ ഇടയ്ക്കിടയ്ക്ക്
അവയെല്ലാം മണത്തു നോക്കുന്നത് .

അവള്‍ ചവിട്ടു പടിയിലിരുന്ന്
നിരത്തിലേക്ക് നോക്കി
മൂളിപ്പാട്ടുകള്‍ പാടുന്നു.
ഇവിടെ നിരത്തില്‍
കുട്ടികളാണോ പട്ടങ്ങളാണോ
ചിത്രശലഭങ്ങളെന്നു കുഴയ്ക്കും വിധം
കുട്ടികള്‍ ...
പട്ടങ്ങള്‍ ...
അതിലെപ്പോഴും
ചിരിക്കുന്ന ചിത്രശലഭം
നിന്റെ മകള്‍ .

ആറുമണി

നാളെ
മറ്റൊരുപണിയും  ഇല്ലെങ്കിലും
നേരെ നേരെ കാണുന്ന എന്റെ വീടിനെ
ആരും നോക്കിയിരിക്കരുതെന്ന
വരികൂടി എഴുതി വെച്ച്
ഞാനീ പാഠപുസ്തകം
അടച്ചു വയ്ക്കുന്നു.

( തോര്‍ച്ച )


ജാലവിദ്യയില്‍ ഒരു പച്ച വീട്

നടന്നു പോയാല്‍
ഒരു മണിക്കൂറില്‍
എത്താവുന്ന ദൂരത്തെ
രണ്ട് ചക്രം കൊണ്ട്
ഏറ്റവും അരികിലാക്കുന്നത് പോലെ
അടുക്കളയില്‍ കുടഞ്ഞിട്ട
ഒരു കുട്ട നെല്ല്
അഞ്ച് പറ  നിലത്തിനെ
വീട്ടിലേയ്ക്ക് കൊണ്ട് വരുന്നു

കാലു വെയ്ക്കാനറയ്ക്കുന്ന ചേറില്‍
പാതിയോളം താണുപോയ
ഉപ്പിന്റെയും
മുളകുപൊടിയുടെയും
ടിന്നുകള്‍ക്ക് മേലെ
ഇഴഞ്ഞിഴഞ്ഞട്ടകള്‍.

ടാപ്പില്‍ നിന്നൊഴുകുന്ന
തോടിന്റെ  കരയില്‍
ഇടയ്ക്കിടെ വന്നു വീഴുന്ന
പരലുകളെ ധ്യാനിക്കുന്നു
ഒരൊറ്റക്കാലന്‍.
ആര് പറയും
മിക്സി  ശബ്ദിക്കുന്നത്‌
ഉഗ്രന്‍ താളമുള്ള
നാടന്‍ പാട്ടല്ലെന്ന്‌ ?

ഇണമത്സ്യങ്ങളുമ്മ വെയ്ക്കുന്ന
അക്വേറിയം മാത്രമുള്ള
ബെഡ്റൂമില്‍ വെച്ച്
ഇന്ന് രാത്രി
കാടിനെക്കുറിച്ചുള്ള
ഏറ്റവും മികച്ച പുസ്തകം
തുറന്ന് വെയ്ക്കണം.

ഒരു കപ്പലേറി വന്ന കശുമാങ്ങ
ഞങ്ങളുടെ വേനലവധിയുടെ
രുചിയും മണവും
പിന്നെ മരണവും ആയതുപോലെ,
കാണട്ടെ,
സ്ഥലത്തെയും
ദൂരത്തെയും
സമയത്തെയും അരികിലെത്തിക്കുന്ന
ജാലവിദ്യയുടെ വന്യത.

( മാതൃകാന്വേഷി )



മഞ്ഞയിലകളുള്ള
മരച്ചുവട്ടിലെ ബെഞ്ചില്‍
മുഖത്തോട് മുഖം നോക്കി
മത്തുപിടിച്ചിരിക്കുന്ന
പ്രണയികളെ കാണുന്നുണ്ടല്ലോ ?
അവര്‍ ,
കണ്ണുകള്‍ കൊണ്ടുമ്മവെയ്ക്കുന്നത്
നിങ്ങളെ പോലെ
എനിക്കും കാണാം.
പക്ഷെ ചുണ്ടുകള്‍ ...

അരികിലെ മരച്ചുവട്ടില്‍
എന്റെയീ ഒളിഞ്ഞിരിപ്പ്
ഒരു മണിക്കൂറോളമായി.
യുണിഫോം ഇല്ലന്നെയുള്ളൂ
വെസ്റ്റ് സ്റ്റേഷനിലെ
കോണ്സ്ടബിള്‍ തന്നെയാണ് ഞാന്‍ .

മഞ്ഞയിലകള്‍ തമ്മിലും
പൂവുകള്‍ തമ്മിലും
കൊമ്പിലെ കിളികള്‍ തമ്മിലും
ഉമ്മവെയ്ക്കുന്നത്
കണ്‍നിറയെ  കാണാമീ പാര്‍ക്കില്‍

പക്ഷെ അവരുടെ
ചുണ്ടുകള്‍ ...

എന്നെപോലെ, എന്നാല്‍
മറഞ്ഞിരിക്കാതെ നേര്‍ക്കുനേരെ
അവരെത്തന്നെ നോക്കിയിരിക്കുന്ന
ആ കിഴവന്‍ ,
അവിടെനിന്നെണീറ്റു  പോയാല്‍
അവര്‍
അത് ചെയ്യുമായിരിക്കും.

വര്‍ഷങ്ങള്‍ക്കു മുന്‍പ്
അതേ മരച്ചുവട്ടില്‍
ഒരുവളോടൊപ്പം
ഞാനും ഇരുന്നിട്ടുണ്ട്.
ഇലകളും , പൂക്കളും
കൊമ്പിലെ കിളികളും
ഉമ്മവെയ്ക്കുന്നതാവോളം കണ്ട്,
ചുണ്ടുകളിലെ ചൂടിനെ
കടിച്ചു പിടിച്ച്
കണ്ണുകള്‍കൊണ്ടുമ്മ വെച്ച്...

എന്തെങ്കിലും  തമ്മില്‍
കൂട്ടിയുരച്ചാല്‍ തീയുണ്ടാകുമെന്ന
ആലോചനകളുടെ  തുടക്കം,
ഒരു ചുംബനത്തില്‍ നിന്നാകുമെന്ന്
അന്നവളോട് കളിയായി പറഞ്ഞിട്ടുണ്ട് .

ഇപ്പോള്‍
കെട്ടിയവളെ കെട്ടിപ്പിടിച്ച്
ഏറെ രാത്രികളില്‍ ഉമ്മ വെച്ചിട്ടും
അന്നത്തെയാ
വെയ്ക്കാത്ത ഉമ്മകളുടെ തരിപ്പുണ്ടല്ലോ
ഹോ ,
അത് കിട്ടിയിട്ടേയില്ല.

എത്രമാത്രം
സ്നേഹം തോന്നിയാലും ശരി
രാത്രിയോ,
നാല് ചുമരുകളുടെ മറയോ ഇല്ലാതെ
സ്വന്തം ഭാറ്യയെപ്പോലും
ഞാന്‍ ഉമ്മ വെയ്ക്കാറില്ല .

ഇങ്ങനെയൊക്കെ
മറ്യാദയോടെ ജീവിക്കുമ്പോള്‍
ഈ പകല്‍ വെട്ടത്തില്‍ ,
ഇത്ര മാത്രം തുറസ്സില്‍ ,
അവര്‍ ഉമ്മ വെയ്ക്കുന്നത്
ഒന്ന് കണ്ടിട്ട് തന്നെ കാര്യം .

സര്‍ക്കാര്‍ എനിക്ക്
മാസാമാസം
പുളിങ്കുരുവൊന്നുമല്ലല്ലോ
എണ്ണിത്തരുന്നത് .



രണ്ടേ രണ്ട് പെഗ്ഗ്

1. വോഡ്‌ക്കയെന്നും
  ഐസ് ക്യുബെന്നും വെറുതെ പറയുന്നതാണ്

തണുത്തുറഞ്ഞ
ക്യുബാകൃതിയിലുള്ള
നിന്റെ തലയും,
ഉടലും,
മനസ്സും,
സുതാറ്യമായ  ഗ്ലാസില്‍
അതിനെക്കാള്‍ സുതാറ്യമായി
നിറഞ്ഞിരിക്കുന്ന
എന്നിലേയ്ക്ക്
പെറുക്കിയിടുന്നു.

കണ്ടോ,
ഭൂമിയില്‍ വെച്ചേറ്റം
വീറ്യമേറിയ
വിഷനിര്‍മ്മിതിയുടെ
രസതന്ത്രം.

2. സിംഫണി

സീബ്ര  ക്രോസ്
പിയാനോ എന്ന് പറഞ്ഞ്
വായിച്ച് കൊണ്ടേയിരിക്കുന്നു
ഒരു മുഴുക്കുടിയന്‍ .

നല്ല സംഗീതജ്ഞന്‍ തന്നെ .
അതുകൊണ്ട് തന്നെയാണല്ലോ
വാഹനങ്ങള്‍
നിര്‍ത്താതെ
കയ്യടിക്കുന്നത് .











1
'ജെട്ടി മേനക ജെട്ടി മേനക'
എന്ന കിളിക്കൊഞ്ചലിലെ
അശ്ലീലം നുണഞ്ഞ്
നമ്മള്‍ കയറുന്നു.

തിരക്കില്ലാത്തൊരിടത്തിറങ്ങി
വഴിയില്‍ കണ്ട വിദേശിയോട്
ഇംഗ്ലീഷില്‍ വഴി ചോദിക്കുന്നു.
അടുത്ത് നിന്ന മീന്‍കാരന്‍
ചാടിക്കയറി
നമ്മളോട്
ഇംഗ്ലീഷില്‍ തന്നെ
മറുപടി പറയുന്നു .

ബോട്ടിന്റെ
ജനലിലൂടെ തലയിട്ട്
കായലിന്റെ കാന്‍വാസില്‍
നമ്മളെത്ര സെല്‍ഫ് പോര്‍ട്രേറ്റുകള്‍
വരഞ്ഞു?

തലേ രാത്രിയിലെ ഡിസ്കോയില്‍
ശരീരത്തെ അക്ഷരമാലയാക്കിയവള്‍
മുന്നിലത്തെ വരിയില്‍
ഇരിക്കുന്നത് കണ്ടോ?
അരികെയിരിക്കും ചുരുണ്ട മുടിക്കാരന്റെ
കാന്‍വാസാണോ
അവളെന്ന് ചോദിച്ച്
നീയെന്നെയിങ്ങനെ നുള്ളിപ്പറിക്കല്ലേ.

2
ഇതാണ് പൊന്നെ, ജൂതത്തെരുവ് .
സെന്റ്‌  ആന്റണീസ് പുന്യാളന്   മുന്നില്‍
മെഴുക് തിരി വില്‍ക്കുന്നവള്‍
'ഇതു വിറ്റെങ്ങനെ ജീവിക്കും  ?' എന്ന
നിന്റെ ഉരുവിടല്‍ കേട്ട്
ഒരൊറ്റ നോട്ടത്താല്‍
ഒരു കൂട് മെഴുകുതിരി ഉരുക്കിക്കളഞ്ഞ
ജാലവിദ്യയില്ലേ ,
അതിനെക്കാളുമപ്പുറത്തറിയാം
ഇവിടുത്തെ വാണിഭക്കാര്‍ക്ക് .
നിന്നെയുമെന്നെയും
നൂറ്റാണ്ട്കള്‍ പഴക്കമുള്ള
അത്യുഗ്രന്‍  പീസുകളാക്കി  മാറ്റുമിവര്‍
ഞൊടിയിട കൊണ്ട്.
അതിനാല്‍
ആരെയും ഗവ്നിക്കാതെ
കൈകോര്‍ത്തു നീങ്ങാം.

3
മീന്‍ മണക്കുന്ന ,തെറി പൊങ്ങുന്ന
മേല്ക്കൂരകളെ
ഒരു ചില്ലുകൂടിനപ്പുറത്തു നിര്‍ത്തി
നമ്മള്‍
ക്രിസ്പി ചിക്കന്‍ ,ബണ്‍ ,
അര ലിറ്റര്‍ പെപ്സി
എന്നിവയെല്ലാം കഴിച്ചു തീര്‍ക്കുന്നു.

മടങ്ങുമ്പോള്‍  ബസ്സിലിരുന്ന്
നീയോ ഞാനോ പറഞ്ഞത്
'എല്ലാ ഇടവഴികളിലും ജീവിതമുണ്ട്.
എല്ലാ വഴിയരികിലും
ചൊറി പിടിച്ച പട്ടികള്‍ ഉള്ളത് പോലെ'

ഇറങ്ങുമ്പോള്‍
'ജെട്ടി മേനക' എന്നെഴുതിയ
ബസ്സിലെ ബോര്‍ഡ്
അശ്ലീലമേ അല്ലാതായി തീര്‍ന്നിരുന്നുവല്ലോ
നമുക്ക്.

( തോര്‍ച്ച )


ഇതു പോലൊരു വീട്


പഴയ വീടുകള്‍
പൊളിച്ചടുക്കുന്ന പണിയാണ്

ഒരിക്കലാരെങ്കിലും ഒളിപ്പിച്ചു വെച്ച്
പിന്നീടൊരിക്കലും
ഓര്‍ത്തെടുക്കാന്‍ കഴിയാത്ത  ചിലത്
പണിക്കിടയില്‍
കണ്ടുകിട്ടുക പതിവാണ്.

എന്നാലും ,
ഇതുപോലൊരു വീട്.

അകച്ചുമരിന്റെ  മൂലയില്‍
മെഴുകുചായത്താല്‍ വരഞ്ഞ കുടില്‍.
മേലെ,ഒരു കഷ്ണം മേഘം
നിലത്ത് ,
അരികില്ലാത്ത സ്ലൈറ്റില്‍
മാഞ്ഞു തുടങ്ങും 'അമ്മ'.

അടപ്പില്ലാത്ത ചെപ്പില്‍,
വായിച്ചെടുക്കാനാകാത്ത കുറിപ്പ്.
കഴിച്ചതില്‍ ബാക്കി
നിറമുള്ള ഗുളികകള്‍.

കീറിപ്പറിഞ്ഞ ഒരു പുസ്തകം
വലിച്ചെറിഞ്ഞതായിരുന്നു.
പോകുന്ന പോക്കില്‍
കാട്ടുമണവുമായി പുറത്തു ചാടി
ചിത്രകഥകളില്‍  നിന്ന്  വെട്ടിവെച്ച
മുയല്‍ ,മുതല ,മാനുകള്‍
പെറുക്കിക്കൂട്ടിയ തൂവല്‍ മഴ.

ഒന്നും മറന്നതാകില്ല.
പോകുമ്പോള്‍ ഒപ്പം കൂട്ടാമായിരുന്നില്ലേ
എല്ലാം,ഇങ്ങനെയൊരാളുടെ
കണ്ണില്‍ പെടുത്താതെ .

പണി തീര്‍ത്ത്
കൂട്ടാളികളോടൊത്ത്  തിരിഞ്ഞു നടക്കവേ,
അവിടെ,
കട്ടിളപ്പടിയിരുന്നിടത്ത്
ഓര്‍മ്മകളുടെ ഉടുപ്പണിഞ്ഞ്,
തിരിച്ചറിയാനാകാത്ത ഒരു രൂപം
തന്റെ കുഞ്ഞ് മിഴികളാല്‍
എന്നെ തന്നെ മിഴിച്ചു നോക്കുന്നു.

ഇതു പോലൊരു വീട്.





സീ സോ


ഐറണിയെന്ന്‌
ഒറ്റവാക്കില്‍
പറയാനാകില്ലിതിനെ .

അവളുടെ ആദ്യ രാത്രി.
11 മണി .
മണിയറ.

അതേ രാത്രി.
അതേ സമയം.
തങ്കമണി റോഡ്‌ .

വെളുത്ത വിരിപ്പില്‍
അവളുടെ O+ve.
കറുത്ത റോഡില്‍
എന്റെ B+ve.

അവളുടെതിനെ
ആക്സിഡന്റ്‌
എന്ന് വിളിക്കാനാകുമോ?
എന്റേത്
അത് തന്നെയാണ്.

അവള്‍ക്
തുന്നലുകള്‍ വേണ്ടാത്ത
മുറിവ്.
അതിലൂടെ
ഇനി വസന്തം വരും.
എനിക്കഞ്ചു  തുന്നലിന്റെ
മുറിവ്.
ഇതിലൂടെ
ബില്ലും കടവും വരും.

കൊതുകില്ലാതിരുന്നിട്ടും
വലയിട്ട ബെഡ്ഡില്‍
അവര്‍ ബോംബെ സിനിമയിലെ
പാട്ട് സീനായി
ഹമ്മ... ഹമ്മ..!!
കൊതുകുണ്ടായിരുന്നിട്ടും
വലയില്ലാത്ത
ജനറല്‍ വാര്‍ഡില്‍
എനിക്കരികിലെ കട്ടിലിലൊരുവന്‍
അമ്മേ... അമ്മേ ...!!


അവള്‍ ഇപ്പോഴേ
മുഴുവനായും
ചാര്‍ജ് ആയിട്ടുണ്ടാകും.
എനിക്ക്
നാളെ
ഡിസ് ചാര്‍ജ്  ആകണം.

(യ ര ല വ )






ബസ്‌ വെറും വാഹനമല്ല.







  1.സ്വര്‍ഗം
ഒറ്റക്കാലില്‍
സര്‍ക്കസിന്റ ബാലപാഠങ്ങള്‍ .

തെറികള്‍ ,തോണ്ടലുകള്‍
പഴികള്‍  ‍,പരാതികള്‍ .
ഞങ്ങള്‍ നരക യാത്രികര്‍ .
ജനലരികിലിരിക്കുന്ന
ഒരാള്‍ മാത്രം
തന്റെ മടിയിലെ,മഷിയെഴുതിയ
അടഞ്ഞ മിഴികളിലേക്ക്
ഇടയ്ക്കിടെ പാളി നോക്കുന്നു.
തലയിലിട്ട കുഞ്ഞ് തൂവാലയില്‍
പതിയെ കുനിഞ്ഞു ചുണ്ടമര്‍ത്തുന്നു .
പെട്ടന്ന്
ബസ്
ഒരു കഷ്ണം
സ്വര്‍ഗമാകുന്നു.
2.മഴവില്ല്
ട്രാഫിക്‌ ജാമില്‍
നിശ്ചലമാകവേ
മിന്നല്‍ പോലെ
വലത്തേ ജനലിലൂടെ കടന്ന്‌
ഇടത്തെ ജനലിലൂടെ പുറത്തു പോയി
ഒരു ചിത്ര ശലഭം.
ഞാന്‍ കണ്ടു 'ചുവപ്പ്'
സുഹൃത്ത്‌ പറഞ്ഞു 'നീല'.
ആകെ കറുത്തിരുന്നവരിലെത്രപേര്‍
കണ്ടിട്ടുണ്ടാകും
നിമിഷാര്‍ദ്ധം മാത്രം ദൈര്‍ഘ്യമുള്ള
ഒരു മഴവില്ല്?
3.ജീവന്‍
ഉള്ളിലേക്ക്
അനുസരണയില്ലാതെ
തലയിട്ടു നോകി,
ഇരു പുറവും നിന്നിരുന്ന ചെറു മരങ്ങള്‍
എണ്ണമില്ലാതെ പൊഴിച്ച് തന്നു
ഉണങ്ങിയതും പച്ചയുമായ ഇലകളെ.
ആരുമൊന്നും
അറിഞ്ഞതെയില്ലെന്നു തോന്നീ.
എന്റെ ഹൃദയത്തിന്‍മേല്‍ അള്ളിപ്പിടിച്ച്
'എന്നെ കൂടി കൊണ്ട് പോ' എന്ന്
ആരോ പറയുന്നത് മാത്രം കേട്ടു.
ഷര്‍ട്ടിന്റെ  പോക്കറ്റിനുള്ളിലേക്ക്
പതിയെ ഇടങ്കണ്ണിട്ട് നോക്കി.
അവിടെയതാ ഒളിച്ചിരിക്കുന്നു
ആരും കാണാതൊരു
പച്ച.
 ( കലാ കവ്മുദി )