
അവളില്ല അവളില്ല
എന്ന രാഗം വായിച്ച്
എന്നെയും കൊണ്ട് പോകുന്നു
ട്രെയിന്‍ പോലെയുള്ള വയലിന് .
അരികെ നില്ക്കും
തേക്ക് മരങ്ങള്‍ കാതോര്‍ക്കുന്നു
ഒരിക്കലും
മുഴുവനായും കേള്‍ക്കുവാനാകാത്ത
ഒരു പാട്ടിനെ.
അന്നേരം
ബോഗിയുടെ വാതില്ക്കല്
കൈകള്‍ വിടര്‍ത്തി നില്‍ക്കുന്നത്
ഞാന്‍ തന്നെയാണ്.
തണുത്ത കാറ്റ് വന്ന്
ഇടയ്ക്കിടെ,
കൈകളിലെ രോമങ്ങളില്‍
മീട്ടുന്നു
കാട്ടു പൊന്തയുടെ ,
കുളങ്ങളുടെ ,
പാടങ്ങളുടെ ,
പശുക്കളുടെ ,
വാക മരത്തിന്റെ,
വീടുകളുടെ,
പുകക്കുഴലുകളുടെ,
പാട്ട് .
ട്രെയിന്‍ പോലുള്ള
വയലിന് വായിക്കുന്ന
അവളില്ല അവളില്ല എന്ന
ആ രാഗം
ഈ പാട്ടില്‍
ചാറ്റല്‍ മഴയോടൊപ്പം
മുങ്ങിയൊലിച്ചു പോകുന്നു.
സ്കൂള്‍ വിട്ട് വരുന്ന കുട്ടി
വരമ്പത്ത് നിന്ന്
വാതിലില്‍ നില്ക്കും
രണ്ട് കാലുള്ള ഗിറ്റാറിനെ നോക്കി
കൈവീശുന്നു.
അവന്
ഏതു വീട്ടിലെ പാട്ട് ?
ഞാനിപ്പോള്‍
ഏതു സ്റ്റേഷനില്‍
നിലയ്ക്കുന്ന പാട്ട്?