
തനിയെ വീട് കെട്ടി
തനിയെ പാര്ക്കുന്നവന്.
ആശുപത്രി കിടക്കയില്‍
പഴങ്ങളുമായി വന്നവനെ
തെറി പറഞ്ഞു ഓടിച്ചവന്.
എന്തെങ്കിലും വേണോ എന്ന് ചോദിച്ചാല്‍
'നിന്റെ അപ്പന് കൊടുക്ക് ' എന്ന് പറയുന്നവന്.
ഒരു തണലിലും നില്‍ക്കാതെ
വെയിലില്‍ നടക്കുന്നവന്
ഒരു നാള്
കാല് തെന്നി വീഴാനാഞ്ഞപ്പോള്
എന്റെ കയ്യില്‍ തന്നെ
കയറിപ്പിടിച്ചു.
അപ്പോള്‍ അവന്റെ മൂക്കും
റോഡരുകിലെ ചെളിയും തമ്മില്‍
അരയടി മാത്റം അകലം.
'ഇപ്പോഴെങ്കിലും നീ' എണ്ണ മട്ടില്‍
എന്റെ നോട്ടം .
പക്ഷെ
അവന് എന്റെ
കൈ വിടുകയാണ്..
ഭയങ്കരന്‍ ..!