Wednesday, December 17, 2008

ഒറ്റ


തനിയെ വീട് കെട്ടി
തനിയെ പാര്‍ക്കുന്നവന്‍.

ആശുപത്രി കിടക്കയില്‍
പഴങ്ങളുമായി വന്നവനെ
തെറി പറഞ്ഞു ഓടിച്ചവന്‍.

എന്തെങ്കിലും വേണോ എന്ന് ചോദിച്ചാല്‍
'നിന്റെ അപ്പന് കൊടുക്ക്‌ ' എന്ന് പറയുന്നവന്‍.

ഒരു തണലിലും നില്‍ക്കാതെ
വെയിലില്‍ നടക്കുന്നവന്‍

ഒരു നാള്‍
കാല് തെന്നി വീഴാനാഞ്ഞപ്പോള്
എന്റെ കയ്യില്‍ തന്നെ
കയറിപ്പിടിച്ചു.

അപ്പോള്‍ അവന്റെ മൂക്കും
റോഡരുകിലെ ചെളിയും തമ്മില്‍
അരയടി മാത്റം അകലം.
'ഇപ്പോഴെങ്കിലും നീ' എണ്ണ മട്ടില്‍
എന്റെ നോട്ടം .

പക്ഷെ
അവന്‍ എന്റെ
കൈ വിടുകയാണ്..
ഭയങ്കരന്‍ ..!

Friday, December 5, 2008

മണ്ണപ്പം

ഉച്ചക്ക്
പുളി മരത്തിന്‍ കീഴെ
ഒറ്റയ്ക്ക്
ഒരു കുട്ടി.

തനിയെ പിണങ്ങി
തനിയെ ചിരിച്ചു
വേരുകള്‍ക്കിടയില്‍ നിന്നും
ആരും കാണാതെടുത്ത മണ്ണ് കൊണ്ടു
അവന്‍ കമഴ്ത്തി വെച്ചു
ഒരു മണ്ണപ്പം

വളരെ പണ്ടു,
പുളിമരത്തിനും മുന്പ്
ഒരു കുട്ടിയെ
എന്നന്നെക്കുമായവിടെ
ഉറക്കി കിടത്തിയിരുന്നു

പുളിമരത്തിന്റെ വേരുകള്‍ക്കും മുന്പ് ,
അവിടെ ഉറച്ചു നിന്ന ഒരമ്മ
അവനിലേക്ക്‌ ആഴ്നിറങ്ങിയിരുനു.

ഉച്ചക്ക്
പുളി മരത്തിന്‍ കീഴെ
ഒറ്റയ്ക്ക്
ഒരു കുട്ടി.

കാക്കക്കും പൂച്ചക്കും
ഏടട്നും കൊടുക്കാതെ
അവന്‍ കമഴ്ത്തി വെച്ച
മന്ണണപ്പത്തില് ഉണ്ടാകുമോ
തനിയെ പിണങ്ങി
തനിയെ ചിരിച്ചു
ഏറെ മുന്‍പെപ്പോഴോ
ഉറങ്ങിപ്പോയ
ഒരു കുട്ടി...

(പച്ച മലയാളം )