Monday, July 30, 2012

ബസ്‌ വെറും വാഹനമല്ല.







  1.സ്വര്‍ഗം
ഒറ്റക്കാലില്‍
സര്‍ക്കസിന്റ ബാലപാഠങ്ങള്‍ .

തെറികള്‍ ,തോണ്ടലുകള്‍
പഴികള്‍  ‍,പരാതികള്‍ .
ഞങ്ങള്‍ നരക യാത്രികര്‍ .
ജനലരികിലിരിക്കുന്ന
ഒരാള്‍ മാത്രം
തന്റെ മടിയിലെ,മഷിയെഴുതിയ
അടഞ്ഞ മിഴികളിലേക്ക്
ഇടയ്ക്കിടെ പാളി നോക്കുന്നു.
തലയിലിട്ട കുഞ്ഞ് തൂവാലയില്‍
പതിയെ കുനിഞ്ഞു ചുണ്ടമര്‍ത്തുന്നു .
പെട്ടന്ന്
ബസ്
ഒരു കഷ്ണം
സ്വര്‍ഗമാകുന്നു.
2.മഴവില്ല്
ട്രാഫിക്‌ ജാമില്‍
നിശ്ചലമാകവേ
മിന്നല്‍ പോലെ
വലത്തേ ജനലിലൂടെ കടന്ന്‌
ഇടത്തെ ജനലിലൂടെ പുറത്തു പോയി
ഒരു ചിത്ര ശലഭം.
ഞാന്‍ കണ്ടു 'ചുവപ്പ്'
സുഹൃത്ത്‌ പറഞ്ഞു 'നീല'.
ആകെ കറുത്തിരുന്നവരിലെത്രപേര്‍
കണ്ടിട്ടുണ്ടാകും
നിമിഷാര്‍ദ്ധം മാത്രം ദൈര്‍ഘ്യമുള്ള
ഒരു മഴവില്ല്?
3.ജീവന്‍
ഉള്ളിലേക്ക്
അനുസരണയില്ലാതെ
തലയിട്ടു നോകി,
ഇരു പുറവും നിന്നിരുന്ന ചെറു മരങ്ങള്‍
എണ്ണമില്ലാതെ പൊഴിച്ച് തന്നു
ഉണങ്ങിയതും പച്ചയുമായ ഇലകളെ.
ആരുമൊന്നും
അറിഞ്ഞതെയില്ലെന്നു തോന്നീ.
എന്റെ ഹൃദയത്തിന്‍മേല്‍ അള്ളിപ്പിടിച്ച്
'എന്നെ കൂടി കൊണ്ട് പോ' എന്ന്
ആരോ പറയുന്നത് മാത്രം കേട്ടു.
ഷര്‍ട്ടിന്റെ  പോക്കറ്റിനുള്ളിലേക്ക്
പതിയെ ഇടങ്കണ്ണിട്ട് നോക്കി.
അവിടെയതാ ഒളിച്ചിരിക്കുന്നു
ആരും കാണാതൊരു
പച്ച.
 ( കലാ കവ്മുദി )

No comments: