Monday, July 30, 2012

മഞ്ഞയിലകളുള്ള
മരച്ചുവട്ടിലെ ബെഞ്ചില്‍
മുഖത്തോട് മുഖം നോക്കി
മത്തുപിടിച്ചിരിക്കുന്ന
പ്രണയികളെ കാണുന്നുണ്ടല്ലോ ?
അവര്‍ ,
കണ്ണുകള്‍ കൊണ്ടുമ്മവെയ്ക്കുന്നത്
നിങ്ങളെ പോലെ
എനിക്കും കാണാം.
പക്ഷെ ചുണ്ടുകള്‍ ...

അരികിലെ മരച്ചുവട്ടില്‍
എന്റെയീ ഒളിഞ്ഞിരിപ്പ്
ഒരു മണിക്കൂറോളമായി.
യുണിഫോം ഇല്ലന്നെയുള്ളൂ
വെസ്റ്റ് സ്റ്റേഷനിലെ
കോണ്സ്ടബിള്‍ തന്നെയാണ് ഞാന്‍ .

മഞ്ഞയിലകള്‍ തമ്മിലും
പൂവുകള്‍ തമ്മിലും
കൊമ്പിലെ കിളികള്‍ തമ്മിലും
ഉമ്മവെയ്ക്കുന്നത്
കണ്‍നിറയെ  കാണാമീ പാര്‍ക്കില്‍

പക്ഷെ അവരുടെ
ചുണ്ടുകള്‍ ...

എന്നെപോലെ, എന്നാല്‍
മറഞ്ഞിരിക്കാതെ നേര്‍ക്കുനേരെ
അവരെത്തന്നെ നോക്കിയിരിക്കുന്ന
ആ കിഴവന്‍ ,
അവിടെനിന്നെണീറ്റു  പോയാല്‍
അവര്‍
അത് ചെയ്യുമായിരിക്കും.

വര്‍ഷങ്ങള്‍ക്കു മുന്‍പ്
അതേ മരച്ചുവട്ടില്‍
ഒരുവളോടൊപ്പം
ഞാനും ഇരുന്നിട്ടുണ്ട്.
ഇലകളും , പൂക്കളും
കൊമ്പിലെ കിളികളും
ഉമ്മവെയ്ക്കുന്നതാവോളം കണ്ട്,
ചുണ്ടുകളിലെ ചൂടിനെ
കടിച്ചു പിടിച്ച്
കണ്ണുകള്‍കൊണ്ടുമ്മ വെച്ച്...

എന്തെങ്കിലും  തമ്മില്‍
കൂട്ടിയുരച്ചാല്‍ തീയുണ്ടാകുമെന്ന
ആലോചനകളുടെ  തുടക്കം,
ഒരു ചുംബനത്തില്‍ നിന്നാകുമെന്ന്
അന്നവളോട് കളിയായി പറഞ്ഞിട്ടുണ്ട് .

ഇപ്പോള്‍
കെട്ടിയവളെ കെട്ടിപ്പിടിച്ച്
ഏറെ രാത്രികളില്‍ ഉമ്മ വെച്ചിട്ടും
അന്നത്തെയാ
വെയ്ക്കാത്ത ഉമ്മകളുടെ തരിപ്പുണ്ടല്ലോ
ഹോ ,
അത് കിട്ടിയിട്ടേയില്ല.

എത്രമാത്രം
സ്നേഹം തോന്നിയാലും ശരി
രാത്രിയോ,
നാല് ചുമരുകളുടെ മറയോ ഇല്ലാതെ
സ്വന്തം ഭാറ്യയെപ്പോലും
ഞാന്‍ ഉമ്മ വെയ്ക്കാറില്ല .

ഇങ്ങനെയൊക്കെ
മറ്യാദയോടെ ജീവിക്കുമ്പോള്‍
ഈ പകല്‍ വെട്ടത്തില്‍ ,
ഇത്ര മാത്രം തുറസ്സില്‍ ,
അവര്‍ ഉമ്മ വെയ്ക്കുന്നത്
ഒന്ന് കണ്ടിട്ട് തന്നെ കാര്യം .

സര്‍ക്കാര്‍ എനിക്ക്
മാസാമാസം
പുളിങ്കുരുവൊന്നുമല്ലല്ലോ
എണ്ണിത്തരുന്നത് .



No comments: