Monday, July 30, 2012

ചാഞ്ഞും ചരിഞ്ഞുമിരിക്കും നേരങ്ങള്‍

പത്തേക്കാല്‍

മറ്റൊരു പണിയും
ഇല്ലാത്തതിനാല്‍
നേരെ നേരെ കാണുന്ന വീടിനെ
ഒരു പാഠപുസ്തകമാക്കുന്നു.

ഇടതു വശത്ത് നിന്നും
വായിച്ച് തുടങ്ങുന്ന
ആദ്യത്തെ വരിയില്‍
മരപ്പാളി കൊണ്ട് നിര്‍മ്മിച്ച
തുറന്ന് കിടക്കുന്ന ഒരു ജനലുണ്ട് .
അവിടെ ചില്ല് പാളിയായിരുന്നുവെങ്കില്‍
ആ മുറിയില്‍ ,
അരികിലെ കട്ടിലില്‍ ,
തളര്‍ന്നുകിടക്കുന്നവന്  മുന്നില്‍
45 ഡിഗ്രീയുള്ള  ഒരു നോട്ടം കൊണ്ട്
എനിക്ക് പ്രതിഫലിക്കാമായിരുന്നു.

മഞ്ഞു കാലത്ത് ഒരു വീടുണ്ടായിട്ടും ,
സ്വന്തമായി ഒരു പുതപ്പുണ്ടായിട്ടും ,
തണുത്ത്കിടക്കുന്ന  അവനിപ്പോള്‍
പൂക്കള്‍ കൊതിച്ച മുറ്റത്തിന്
കാട്ടുപുല്ലുകള്‍ നിറയുന്ന പച്ചയും,
കുട്ടികളുമൊത്ത്
പട്ടം പറത്തുമായിരുന്ന നിരത്തിന്
ശൂന്യതയുടെ ചാര നിറവും ,
ചവിട്ടുപടിയിലിരിക്കുന്ന
കെട്ടിയവളുടെ മുഖത്തിന്
ഇരുണ്ട വഴികളുടെ കറുപ്പും ,
ജനല്‍വഴി വരുന്ന വെയിലില്‍
കണ്ണുകള്‍ കൊണ്ട്
ചാലിക്കുന്നുണ്ടാകും.

രണ്ടേ മുക്കാല്‍

വീട് പണിയുമ്പോള്‍
ജനലിനു ചില്ലുപാളികള്‍ വെച്ച്
ലോകത്തെ സുതാര്യമാക്കാതിരുന്നവനെ ..
നീയവിടെ തന്നെ കിടക്ക്‌.
അങ്ങിനെയായിരുന്നുവെങ്കില്‍
ഇവിടെയിരുന്ന്
ആംഗ്യത്തിലൂടെയെങ്കിലും
കാട്ടിത്തന്നേനെ ഞാന്‍
ഇക്കാണുന്നതെല്ലാം .

വീട്ടുമുറ്റം നിറയെ
പൂത്തു നില്‍ക്കുന്ന
റോസാ ചെടികളെ,
അതിനു ചുവട്ടില്‍
നിന്റെ മൂത്രം കൊണ്ട് വന്നൊഴിക്കുന്ന
കെട്ടിയവളെ,
പൂവുകള്‍ക്ക്
നിന്റെ മൂത്രഗന്ധമില്ലെന്ന്
ഉറപ്പിക്കാന്‍ തന്നെയാകും
അവള്‍ ഇടയ്ക്കിടയ്ക്ക്
അവയെല്ലാം മണത്തു നോക്കുന്നത് .

അവള്‍ ചവിട്ടു പടിയിലിരുന്ന്
നിരത്തിലേക്ക് നോക്കി
മൂളിപ്പാട്ടുകള്‍ പാടുന്നു.
ഇവിടെ നിരത്തില്‍
കുട്ടികളാണോ പട്ടങ്ങളാണോ
ചിത്രശലഭങ്ങളെന്നു കുഴയ്ക്കും വിധം
കുട്ടികള്‍ ...
പട്ടങ്ങള്‍ ...
അതിലെപ്പോഴും
ചിരിക്കുന്ന ചിത്രശലഭം
നിന്റെ മകള്‍ .

ആറുമണി

നാളെ
മറ്റൊരുപണിയും  ഇല്ലെങ്കിലും
നേരെ നേരെ കാണുന്ന എന്റെ വീടിനെ
ആരും നോക്കിയിരിക്കരുതെന്ന
വരികൂടി എഴുതി വെച്ച്
ഞാനീ പാഠപുസ്തകം
അടച്ചു വയ്ക്കുന്നു.

( തോര്‍ച്ച )


No comments: