Monday, July 30, 2012

ജാലവിദ്യയില്‍ ഒരു പച്ച വീട്

നടന്നു പോയാല്‍
ഒരു മണിക്കൂറില്‍
എത്താവുന്ന ദൂരത്തെ
രണ്ട് ചക്രം കൊണ്ട്
ഏറ്റവും അരികിലാക്കുന്നത് പോലെ
അടുക്കളയില്‍ കുടഞ്ഞിട്ട
ഒരു കുട്ട നെല്ല്
അഞ്ച് പറ  നിലത്തിനെ
വീട്ടിലേയ്ക്ക് കൊണ്ട് വരുന്നു

കാലു വെയ്ക്കാനറയ്ക്കുന്ന ചേറില്‍
പാതിയോളം താണുപോയ
ഉപ്പിന്റെയും
മുളകുപൊടിയുടെയും
ടിന്നുകള്‍ക്ക് മേലെ
ഇഴഞ്ഞിഴഞ്ഞട്ടകള്‍.

ടാപ്പില്‍ നിന്നൊഴുകുന്ന
തോടിന്റെ  കരയില്‍
ഇടയ്ക്കിടെ വന്നു വീഴുന്ന
പരലുകളെ ധ്യാനിക്കുന്നു
ഒരൊറ്റക്കാലന്‍.
ആര് പറയും
മിക്സി  ശബ്ദിക്കുന്നത്‌
ഉഗ്രന്‍ താളമുള്ള
നാടന്‍ പാട്ടല്ലെന്ന്‌ ?

ഇണമത്സ്യങ്ങളുമ്മ വെയ്ക്കുന്ന
അക്വേറിയം മാത്രമുള്ള
ബെഡ്റൂമില്‍ വെച്ച്
ഇന്ന് രാത്രി
കാടിനെക്കുറിച്ചുള്ള
ഏറ്റവും മികച്ച പുസ്തകം
തുറന്ന് വെയ്ക്കണം.

ഒരു കപ്പലേറി വന്ന കശുമാങ്ങ
ഞങ്ങളുടെ വേനലവധിയുടെ
രുചിയും മണവും
പിന്നെ മരണവും ആയതുപോലെ,
കാണട്ടെ,
സ്ഥലത്തെയും
ദൂരത്തെയും
സമയത്തെയും അരികിലെത്തിക്കുന്ന
ജാലവിദ്യയുടെ വന്യത.

( മാതൃകാന്വേഷി )



No comments: