Monday, July 30, 2012

ഇതു പോലൊരു വീട്


പഴയ വീടുകള്‍
പൊളിച്ചടുക്കുന്ന പണിയാണ്

ഒരിക്കലാരെങ്കിലും ഒളിപ്പിച്ചു വെച്ച്
പിന്നീടൊരിക്കലും
ഓര്‍ത്തെടുക്കാന്‍ കഴിയാത്ത  ചിലത്
പണിക്കിടയില്‍
കണ്ടുകിട്ടുക പതിവാണ്.

എന്നാലും ,
ഇതുപോലൊരു വീട്.

അകച്ചുമരിന്റെ  മൂലയില്‍
മെഴുകുചായത്താല്‍ വരഞ്ഞ കുടില്‍.
മേലെ,ഒരു കഷ്ണം മേഘം
നിലത്ത് ,
അരികില്ലാത്ത സ്ലൈറ്റില്‍
മാഞ്ഞു തുടങ്ങും 'അമ്മ'.

അടപ്പില്ലാത്ത ചെപ്പില്‍,
വായിച്ചെടുക്കാനാകാത്ത കുറിപ്പ്.
കഴിച്ചതില്‍ ബാക്കി
നിറമുള്ള ഗുളികകള്‍.

കീറിപ്പറിഞ്ഞ ഒരു പുസ്തകം
വലിച്ചെറിഞ്ഞതായിരുന്നു.
പോകുന്ന പോക്കില്‍
കാട്ടുമണവുമായി പുറത്തു ചാടി
ചിത്രകഥകളില്‍  നിന്ന്  വെട്ടിവെച്ച
മുയല്‍ ,മുതല ,മാനുകള്‍
പെറുക്കിക്കൂട്ടിയ തൂവല്‍ മഴ.

ഒന്നും മറന്നതാകില്ല.
പോകുമ്പോള്‍ ഒപ്പം കൂട്ടാമായിരുന്നില്ലേ
എല്ലാം,ഇങ്ങനെയൊരാളുടെ
കണ്ണില്‍ പെടുത്താതെ .

പണി തീര്‍ത്ത്
കൂട്ടാളികളോടൊത്ത്  തിരിഞ്ഞു നടക്കവേ,
അവിടെ,
കട്ടിളപ്പടിയിരുന്നിടത്ത്
ഓര്‍മ്മകളുടെ ഉടുപ്പണിഞ്ഞ്,
തിരിച്ചറിയാനാകാത്ത ഒരു രൂപം
തന്റെ കുഞ്ഞ് മിഴികളാല്‍
എന്നെ തന്നെ മിഴിച്ചു നോക്കുന്നു.

ഇതു പോലൊരു വീട്.





No comments: